22 December Sunday

ഭൂമി കുംഭകോണം: പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

ബം​ഗളൂരു > മൈസൂരു അർബൻ വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹൈക്കോടതിയിൽ. ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധവും നിയമപരമായ ഉത്തരവുകളുടെ ലംഘനവുമാണ് ഗവർണറുടെ നടപടിയെന്ന് പറഞ്ഞാണ് ഹർജി. ഗവർണറുടെ തീരുമാനം നിയമപരമായി നിലനിൽക്കാത്തതാണെന്നും ഹർജിയിൽ പറയുന്നു.

ഗവർണർ താവർചന്ദ് ഗെലോട്ടാണ് ഭൂമി കുംഭകോണ കേസിൽ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയത്. സാമൂഹിക പ്രവർത്തകർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകിയത്. മലയാളിയായ ടി.ജെ. അബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നിവരാണ് ഹർജി നൽകിയത്. കോടിക്കണക്കിന് രൂപയുടെ ഭൂമിക്കായി മുഡ വ്യാജരേഖകൾ ഉണ്ടാക്കിയതായി ആരോപിച്ച് സാമൂഹ്യപ്രവർത്തകയായ സ്നേഹമയി കൃഷ്ണ രംഗത്ത്‌ വന്നതോടെയാണ്‌ വൻ ഭൂമി കുംഭകോണം പുറത്തായത്‌. 50:50 ഇൻസെന്റീവ് പദ്ധതി പ്രകാരം വികസനത്തിനായി ഏറ്റെടുക്കവേ ഭൂമി നഷ്ടപ്പെട്ട വ്യക്തികൾക്ക് മുഡ വികസിപ്പിച്ച സ്ഥലത്തിന്റെ 50 ശതമാനം അല്ലെങ്കിൽ പകരം ഭൂമി നൽകും. എന്നാൽ പദ്ധതി പ്രകാരം ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ ബദൽ ഭൂമി  ചില വ്യക്തികൾക്ക് ലഭിച്ചെന്നാണ്‌ ആരോപണം.     

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവതിയുടെ പേരിൽ മൈസൂരിലെ കേസരെയിലുണ്ടായിരുന്ന  മൂന്നേക്കർ ഭൂമി മുഡ ഏറ്റെടുത്തു. പകരം അവർക്ക്‌ വിജയനഗറിൽ കണ്ണായ പ്രദേശത്ത്‌ 38,283 ചതുരശ്ര അടി ഭൂമി അനുവദിച്ചു. പദ്ധതി പ്രകാരം അനുവദിച്ച ഭൂമിയുടെ മൂല്യം കേസരെയിൽ ഏറ്റെടുത്ത യഥാർത്ഥ ഭൂമിയേക്കാൾ വളരെ കൂടുതലാണെന്ന് ആരോപണം. പാർവതിയും സഹോദരൻ മല്ലികാർജുനും മറ്റ് പ്രതികളും ചേർന്ന് കേസരെയിലെ ഭൂമി 2004ൽ തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ വ്യാജരേഖ ചമച്ചുവെന്ന്‌ പരാതിക്കാർ ആരോപിക്കുന്നു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ ഭാര്യയുടെ ഭൂമിയുടെ ഉടമസ്ഥാവകാശം വെളിപ്പെടുത്താത്തതിന് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ കഴിഞ്ഞ മാസം മറ്റൊരു പരാതിയും നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top