22 December Sunday

ഭൂമി കുംഭകോണം: ചോദ്യം ചെയ്യലിന് ഹാജരാകാൻ സിദ്ധരാമയ്യയ്ക്ക് ലോകായുക്തയുടെ നോട്ടീസ്

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

ബം​ഗളൂരൂ > മൈസൂരു അർബൻ വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നോട്ടീസ്. ലോകായുക്ത പൊലീസാണ് സിദ്ധരാമയ്യയ്ക്ക് നോട്ടീസ് അയച്ചത്. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കേസില്‍ പ്രതിയായ സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവതിയെ ഒക്ടോബര്‍ 25ന് ലോകായുക്ത ചോദ്യം ചെയ്തിരുന്നു. ഭൂമിയിടപാട് കേസില്‍ സിദ്ധരാമയ്യക്കെതിരെ അന്വേഷണം നടത്തി 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക കോടതി നിര്‍ദേശിച്ചതിനെത്തുടർന്നാണ് നടപടി. കേസില്‍ പ്രോസിക്യൂട്ട് ചെയ്യാൻ ​ഗവര്‍ണര്‍ നല്‍കിയ അനുമതി ഹൈക്കോടതി ശരിവച്ചതോടെ  ആരോപണം അന്വേഷിക്കാൻ മൈസുരു ലോകായുക്ത പൊലീസിന് പ്രത്യേക കോടതി നിര്‍ദേശം നൽകിയിരുന്നു.

വികസനത്തിന് ഭൂമി വിട്ടുകൊടുത്തതിന് പകരമായി മൈസുരു അര്‍ബൻ ഡെവലപ്മെന്റ് അതോറിറ്റി ഇരട്ടിയിലേറെ മൂല്യമുള്ള ഭൂമി അനുവദിച്ചുവെന്നാണ് കേസ്. 4000 കോടിയുടെ ക്രമക്കേട് ആരോപണമുയര്‍ന്ന സംഭവത്തിൽ പ്രത്യേക കോടതി ഉത്തരവ് പ്രകാരം സെപ്തംബര്‍ 27നാണ് മൈസുരു ലോകായുക്ത പൊലീസ് കേസെടുത്തത്.

ഭൂമി കുംഭകോണ കേസിൽ ഗവർണർ താവർചന്ദ് ഗെലോട്ട് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയിരുന്നു. സാമൂഹിക പ്രവർത്തകർ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് ഭൂമി കുംഭകോണ കേസിൽ നടപടി ആരംഭിച്ചത്. മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നിവരാണ് ഹർജി നൽകിയത്. കോടിക്കണക്കിന് രൂപയുടെ ഭൂമിക്കായി മുഡ വ്യാജരേഖകൾ ഉണ്ടാക്കിയതായി ആരോപിച്ച് സാമൂഹ്യപ്രവർത്തകയായ സ്നേഹമയി കൃഷ്ണ രംഗത്ത്‌ വന്നതോടെയാണ്‌ വൻ ഭൂമി കുംഭകോണം പുറത്തായത്‌. 50:50 ഇൻസെന്റീവ് പദ്ധതി പ്രകാരം വികസനത്തിനായി ഏറ്റെടുക്കവേ ഭൂമി നഷ്ടപ്പെട്ട വ്യക്തികൾക്ക് മുഡ വികസിപ്പിച്ച സ്ഥലത്തിന്റെ 50 ശതമാനം അല്ലെങ്കിൽ പകരം ഭൂമി നൽകും. എന്നാൽ പദ്ധതി പ്രകാരം ലഭിക്കേണ്ടതിനേക്കാൾ കൂടുതൽ ബദൽ ഭൂമി  ചില വ്യക്തികൾക്ക് ലഭിച്ചെന്നാണ്‌ ആരോപണം.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി എം പാർവതിയുടെ പേരിൽ മൈസൂരിലെ കേസരെയിലുണ്ടായിരുന്ന  മൂന്നേക്കർ ഭൂമി മുഡ ഏറ്റെടുത്തു. പകരം അവർക്ക്‌ വിജയനഗറിൽ കണ്ണായ പ്രദേശത്ത്‌ 38,283 ചതുരശ്ര അടി ഭൂമി അനുവദിച്ചു. പദ്ധതി പ്രകാരം അനുവദിച്ച ഭൂമിയുടെ മൂല്യം കേസരെയിൽ ഏറ്റെടുത്ത യഥാർത്ഥ ഭൂമിയേക്കാൾ വളരെ കൂടുതലാണെന്നൊണ് ആരോപണം. പാർവതിയും സഹോദരൻ മല്ലികാർജുനും മറ്റ് പ്രതികളും ചേർന്ന് കേസരെയിലെ ഭൂമി 2004ൽ തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ വ്യാജരേഖ ചമച്ചുവെന്നും പരാതിക്കാർ ആരോപിക്കുന്നു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലത്തിൽ ഭാര്യയുടെ ഭൂമിയുടെ ഉടമസ്ഥാവകാശം വെളിപ്പെടുത്താത്തതിന് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മറ്റൊരു പരാതിയും നിലവിലുണ്ട്. ലോകായുക്ത പൊലീസും ഇഡിയും കേസെടുത്തതിന് പിന്നാലെ മുഡ പദ്ധതിവഴി ലഭിച്ച ഭൂമി തിരിച്ചുനല്‍കാന്‍ സന്നദ്ധയാണെന്ന് അറിയിച്ച് സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതി രം​ഗത്തെത്തിയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top