മുംബൈ > മുംബൈ ബോട്ടപകടത്തിൽ കാണാതായെന്ന് സംശയിച്ച മലയാളി ദമ്പതികൾ സുരക്ഷിതർ. തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് ഉറാനിലെ ജെഎൻപിടി ആശുപത്രിയിൽ കഴിയുന്ന ആറ് വയസ്സുകാരൻ കേവൽ പറഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഇവരെ മറ്റേതെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയായിരുന്നു. മുംബൈയിൽ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശികൾ സുരക്ഷിതരാണെന്ന് വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കുട്ടി ജെഎൻപിടി ആശുപത്രിയിൽ ഉണ്ടെന്ന വിവരം അറിഞ്ഞെത്തിയ അമ്മാവനാണ് കുട്ടിയെ മാതാപിതാക്കളുടെ അരികിലെത്തിച്ചത്.
ഇന്നലെ വൈകിട്ടാണ് മുംബൈയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഗേറ്റ്‍വേ ഓഫ് ഇന്ത്യയിൽ നിന്ന് എലിഫന്റ ദ്വീപിലേക്ക് പോയ നീൽ കമൽ ബോട്ടിൽ എഞ്ചിൻ ട്രയൽ നടത്തിയിരുന്ന നാവികസേനയുടെ സ്പീഡ്‌ബോട്ട് ഇടിച്ചുകയറി അപകടമുണ്ടായത്. 110 പേരാണ് യാത്രാ ബോട്ടിൽ ഉണ്ടായിരുന്നത്. നാവിക സേനയുടെ ബോട്ടിൽ ആറ് പേരുണ്ടായിരുന്നു. 13 പേർ മരിച്ചു. നാല് പേരുടെ നില ഗുരുതരമാണ്. ഇത് വരെ 101 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. മരിച്ചവരിൽ നാവികസേന ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
ബോട്ട് മുങ്ങിയാണ് അപകടമുണ്ടായതെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടാണ് കൂട്ടിയിടിയാണെന്ന് വ്യക്തമായത്. മുങ്ങിയ യാത്രബോട്ടിൽനിന്ന് ആളുകളെ നാവികസേനയും കോസ്റ്റ്ഗാർഡും മുംബൈ പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. തുറമുഖ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.
ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് എലഫന്റാ ദ്വീപിലെ ഗുഹകൾ സന്ദർശിക്കാനായി പ്രത്യേക ഫെറി സർവീസുകളുണ്ട്. വിദേശികളടക്കം ദിവസവും ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ബോട്ടുകൾ യാതൊരു സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കാതെയാണ് പ്രവർത്തിക്കുന്നത്. ലൈഫ് ജാക്കറ്റുകൾ പോലുമില്ലാതെയാണ് പരമാവധി ആളുകളെ കുത്തിക്കയറ്റി സർവീസ് നടത്തുന്നത്. സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണ് 13 പേരുടെ ജീവൻ നഷ്ടപ്പെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..