24 November Sunday

രോഷമടങ്ങാതെ
 കൊൽക്കത്ത

ഗോപിUpdated: Sunday Aug 25, 2024

കൊൽക്കത്തയിലെ ലാൽബസാറിലെ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് ഡിവൈഎഫ്ഐ, എസ്എഫ്ഐ, ജനാധിപത്യമഹിളാ അസോസിയേഷൻ എന്നിവര്‍ നടത്തിയ മാര്‍ച്ച്

കൊൽക്കത്ത > ആർ ജി കർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ജൂനിയർ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധമുയർത്തുന്നവരെ ലക്ഷ്യമിടുന്ന പശ്ചിമ ബംഗാൾ സർക്കാരിന്റെ നടപടിക്കെതിരെ വൻ പ്രക്ഷോഭം. നിഷ്‌ഠൂര കൊലയ്‌ക്ക്‌ പിന്നാലെ തൃണമൂൽ കോൺഗ്രസുകാരുടെ നേതൃത്വത്തിലുള്ള അക്രമികൾ ആശുപത്രി അടിച്ചു തകർത്തിരുന്നു.

ഈ ആക്രമണത്തിന്റെ പേരിൽ എസ്എഫ്‌ഐ, ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കള്ളക്കേസ്‌ ചുമത്തി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ലാൽബസാറിലെ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. എസ്എഫ്ഐ, ഡിവൈഎഫ്ഐ, ജനാധിപത്യ മഹിളാ അസോസിയേഷൻ  എന്നീ സംഘടനകള്‍ സംയുക്തമായാണ്‌ പ്രതിഷേധിച്ചത്‌.
അഭിഭാഷകസംഘടനകളും പങ്കെടുത്തു. കനത്ത മഴയിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജിയുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം പൊലീസ് കമീഷണർക്ക് നേരിട്ട് പരാതി സമർപ്പിച്ചു.


ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ എല്ലാ പ്രതികളെയും പിടികൂടുംവരെ ശക്തമായ പ്രതിഷേധം തുടരുമെന്ന്‌ സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു. ലോക സമാധാന ദിനത്തിന്‌ മുന്നോടിയായി സെപ്തംബർ ഒന്നിന് കൊൽക്കത്തയിലും മറ്റ്‌ മേഖലകളിലും വൻ റാലികൾ സംഘടിപ്പിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. നീതി ലഭിക്കുംവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന്‌ ഡോക്‌ടർമാർ അറിയിച്ചു. അത്യാഹിത വിഭാഗത്തിലെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതെയാകും സമരം തുടരുക.


നുണപരിശോധന തുടരുന്നു


കൊൽക്കത്ത
ജൂനിയർ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി, മുൻ പ്രിൻസിപ്പൽ എന്നിവരടക്കം ഏഴുപേരുടെ നുണപരിശോധന തുടങ്ങി. തൃണമൂൽ കോൺഗ്രസ്‌ പ്രവർത്തകനും സിവിക്‌ വളന്റിയറുമായ മുഖ്യപ്രതി സഞ്ജയ്‌ റോയ്‌യെ ജയിലിലാണ്‌ പരിശോധനയ്‌ക്ക്‌ വിധേയനാക്കിയത്‌.
  
   മുൻ പ്രിൻസിപ്പൽ ഡോ. സന്ദിപ്‌ ഘോഷ്‌, കൊലപാതകമുണ്ടായ ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നാല്‌ ഡോക്‌ടർമാർ, സിവിക്‌ വളന്റിയർ എന്നിവർക്ക്‌ സിബിഐയുടെ കൊൽക്കത്ത ഓഫീസിലാണ്‌ പരിശോധന. തുടർച്ചയായ ഒൻപതാം ദിവസമായ ശനിയാഴ്‌ചയും ഡോ. സന്ദിപ്‌ ഘോഷിനെ ചോദ്യംചെയ്തു. ഡൽഹിയിൽനിന്ന് പോളിഗ്രാഫ്‌ പരിശോധനാ വിദഗ്‌ധര്‍ കൊൽക്കത്തയിൽ എത്തി.

അതിനിടെ, കൊലപാതകം നടന്ന ആഗസ്‌ത്‌ ഒമ്പതിന്‌ രാത്രി മുഖ്യപ്രതി സഞ്ജയ്‌ റോയ്‌ ആശുപത്രിയിൽ പ്രവേശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കൊൽക്കത്ത പൊലീസ്‌ അംഗങ്ങൾക്ക്‌ നൽകിയിട്ടുള്ള ഹെൽമറ്റ്‌ ഇയാളുടെ കൈയിലുള്ളതും ദൃശ്യങ്ങളിലുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top