അമരാവതി > സിനിമാ താരങ്ങളായ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തെപ്പറ്റി വിവാദ പരാമർശം നടത്തിയ തെലങ്കാന മന്ത്രി കൊണ്ട സുരേഖയ്ക്കെതിരെ മാനനഷ്ട കേസ് നൽകി നാഗചൈതന്യയുടെ പിതാവ് നാഗാർജുന. സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം ബിആർഎസ് നേതാവ് കെ ടി രാമറാവുവാണെന്ന വിവാദ പ്രസ്താവനയിലാണ് പരാതി. തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രി ആരോപണം ഉന്നയിച്ചതെന്നും മനഃപൂർവം ആരോപണങ്ങൾ പ്രചരിപ്പിച്ചതാണെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും പരാതിയിൽ പറയുന്നു.
നടിമാരുടെ ഫോൺ സംഭാഷണങ്ങൾ കെടിആർ ചോർത്തിയെന്നും അത് ഉപയോഗിച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്തെന്നും കൊണ്ട സുരേഖ പറഞ്ഞിരുന്നു. ബിആർഎസ് സംസ്ഥാനത്തെ മറ്റ് വനിതാ നേതാക്കളെയും ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. പ്രസ്താവനയ്ക്കെതിരെ സാമന്തയും നാഗചൈതന്യയുടെ കുടുംബവും രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്ത പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയത്. തന്റെ ജീവിതയാത്രയെ നിസാരവൽക്കരിക്കരുതെന്നും വിവാഹമോചനം തങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നും സാമന്ത കുറിച്ചു. വിവാഹമോചനം സംബന്ധിച്ച തീരുമാനം പരസ്പരസമ്മതത്തോടെ എടുത്തതാണ്. അതുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ ഗൂഢാലോചനയുമില്ല. രാഷ്ട്രീയ പോരിനായി തന്റെ പേര് ദയവായി ഉപയോഗിക്കരുതെന്നും സാമന്ത കുറിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..