ന്യൂഡൽഹി
ദിയാകുമാരി എംപിയെ ഇറക്കി തന്നെ വെട്ടാൻ ശ്രമിച്ച നരേന്ദ്ര മോദി– -അമിത് ഷാ കൂട്ടുകെട്ടിനെ തിരിച്ചുവെട്ടി സിറ്റിങ് സീറ്റ് പിടിച്ചുവാങ്ങി മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ. രാജസ്ഥാൻ ബിജെപി പുറത്തിറക്കിയ രണ്ടാം പട്ടികയിൽ സിന്ധ്യയടക്കം 83 പേരുണ്ട്. 2003 മുതൽ തെരഞ്ഞെടുക്കപ്പെടുന്ന ഝാൽറാപഠാനിൽനിന്നുതന്നെ സിന്ധ്യ മത്സരിക്കും. ദിയാകുമാരിക്കായി സിറ്റിങ് സീറ്റായിരുന്ന വിദ്യാധർ നഗറിൽനിന്ന് നേതൃത്വം കുടിയിറക്കിയ തന്റെ വിശ്വസ്‌തൻ നർപത് സിങ് രാജ്‌വിക്ക് സിന്ധ്യ ചിറ്റോർഗഡ് മണ്ഡലം ഉറപ്പാക്കി. സിന്ധ്യയുടെ പിന്തുണയോടെ വിദ്യാധർനഗറിൽ ഇദ്ദേഹം സ്വതന്ത്രനായി മത്സരിച്ചാൽ ദിയാകുമാരി തോൽക്കുമെന്ന ഭയവും ശക്തമായിരുന്നു.
പത്ത് സിറ്റിങ് എംഎൽഎമാർക്ക് സീറ്റില്ല. പ്രധാനമന്ത്രി മോദിയും ബിജെപി അധ്യക്ഷൻ ജെ പി നദ്ദയും പങ്കെടുത്ത് വെള്ളിയാഴ്‌ച നടത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം സിന്ധ്യയുടെ ആവശ്യങ്ങൾക്കു മുന്നിൽ മുട്ടുകുത്തുകയായിരുന്നു.
പടലപ്പിണക്കവും ആഭ്യന്തര കലഹവും തെരുവ് യുദ്ധമായി മാറുന്ന രാജസ്ഥാനിൽ ഇതുവരെ രണ്ടുഘട്ടമായി 124 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോർ ചുരുവിൽനിന്ന് താരാനഗറിലേക്ക് മാറി. മുൻ സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ ആംബറിൽ വീണ്ടും മത്സരിക്കും. കോൺഗ്രസിന്റെ സ്‌പീക്കർ സി പി ജോഷിയെ വിശ്വരാജ് സിങ് മേവാർ നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..