23 December Monday

ജനങ്ങൾക്കൊപ്പം ആദം മാസ്‌റ്റർ

സ്വന്തം ലേഖകൻUpdated: Monday Nov 18, 2024

സോളാപുർ സിറ്റി സെൻട്രൽ മണ്ഡലത്തിലെ വിജാപൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളെ അഭിസംബോധന 
ചെയ്യുന്ന സിപിഐ എം സ്ഥാനാര്‍ഥി നരസയ്യ ആദം

ന്യൂഡൽഹി
മഹാവികാസ്‌ അഘാഡിയുടെ ഭാഗമല്ലാതെ ഒറ്റയ്‌ക്ക്‌ മത്സരിക്കുന്ന സോളാപുർ സിറ്റി സെൻട്രൽ മണ്ഡലത്തിലെ പ്രചാരണത്തിൽ കരുത്തറിയിച്ച്‌ സിപിഐ എം. ആദം മാസ്‌റ്റർ എന്ന്‌ ജനങ്ങൾ സ്‌നേഹത്തോടെ വിളിക്കുന്ന നരസയ്യ ആദത്തിനുവേണ്ടി ആയിരങ്ങളാണ്‌ പ്രചാരണത്തിനിറങ്ങുന്നത്‌.  മൂന്നുതവണ എംഎൽഎ ആയ ജനകീയ നേതാവ്‌ നരസയ്യ ആദത്തിനായി വിജാപൂരിൽ നടന്ന റാലിയിൽ ആയിരങ്ങള്‍ ഒഴുകിയെത്തി.

പൊളിറ്റ്‌ബ്യൂറോ അംഗം മുഹമ്മദ്‌ സലിം ജനങ്ങളെ അഭിവാദ്യം ചെയ്‌തു.  മഹായുതി സർക്കാർ അവരുടെ കൊള്ള മറച്ചുവയ്‌ക്കാൻ സമൂഹത്തിൽ വിദ്വേഷവും വർഗീയതയും പടർത്തുകയാണെന്ന്‌ മുഹമ്മദ്‌ സലിം പറഞ്ഞു. തൊഴിലാളികളുടെയും കർഷകരുടെയും സാധാരണക്കാരുടെയും ശബ്‌ദമാണ്‌ നിയമസഭയിൽ ഉയരേണ്ടതെന്ന്‌ നരസയ്യ ആദം പറഞ്ഞു. കങ്കർ ചൗക്കിൽ നടന്ന മറ്റൊരു റാലിയിലും ജനങ്ങൾ ഒഴുകിയെത്തി. ഇവിടെ സിപിഐ എം സംസ്ഥാന സെക്രട്ടറി ഉദയ്‌ നർക്കർ, ജില്ല സെക്രട്ടറി എം എച്ച്‌ ഷെയ്‌ഖ്‌ തുടങ്ങിയവർ സംസാരിച്ചു.

  സിപിഐ എം  നരസയ്യ ആദത്തിനായി സീറ്റ്‌  ആവശ്യപ്പെട്ടിരുന്നെങ്കിലും കോൺഗ്രസ്‌ പിന്നിൽനിന്ന്‌ കുത്തുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സീറ്റ്‌ വിട്ടുനൽകുമെന്ന്‌ ഉറപ്പ്‌ നൽകിയെങ്കിലും ധാരണയ്‌ക്ക്‌ വിരുദ്ധമായി സ്ഥാനാർഥിയെ നിർത്തുകയായിരുന്നു.  തുടർന്ന്‌ മഹാവികാസ്‌ അഘാഡിയുടെ പിന്തുണയില്ലാതെ മത്സരിക്കാൻ സിപിഐ എം തീരുമാനിക്കുകയായിരുന്നു.

കോൺഗ്രസിന്റെ ചേതൻ നരോട്ട, ബിജെപിയുടെ ദേവേന്ദ്ര രാജേഷ്‌ കോത്തെ എന്നിവരെയാണ്‌  നരസയ്യ നേരിടുന്നത്‌.  തൊഴിലാളി സമരങ്ങളിലൂടെ ജനങ്ങൾക്ക്‌ ചിരപരിചിതനായ ആദം കോൺഗ്രസിന്റെ സിറ്റിങ്‌ സീറ്റിൽ കരുത്തുറ്റ പോരാട്ടമാണ്‌ നടത്തുന്നത്‌. 20നാണ്‌ വോട്ടെടുപ്പ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top