ന്യൂഡൽഹി
നാമനിർദേശം ചെയ്യപ്പെട്ട നാല് അംഗങ്ങളുടെ കാലാവധി ഞായറാഴ്‌ച പൂർത്തിയായതോടെ രാജ്യസഭയിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷം നഷ്ടമായി. നിലവിൽ 225 അംഗങ്ങളുള്ള രാജ്യസഭയിൽ ഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണവേണം. ബിജെപിക്ക് രാജ്യസഭയിൽ 86 അംഗങ്ങളുണ്ട്. മറ്റ് എൻഡിഎ കക്ഷികൾക്കെല്ലാമായി 15 എംപിമാരുണ്ട്. നാമനിർദേശം ചെയ്‌തവരിൽ ശേഷിക്കുന്ന ഏഴ് എംപിമാരും വോട്ടെടുപ്പ് ഘട്ടങ്ങളിൽ സർക്കാരിനൊപ്പമാണ് നിലകൊള്ളുക. ഹരിയാനയിൽ നിന്നുള്ള സ്വതന്ത്ര എംപിയും സഭയിൽ ബിജെപിയ്‌ക്കൊപ്പമാണ്. ഇതെല്ലാം ചേർന്നാലും 109 ലേ എത്തൂ. ഭൂരിപക്ഷത്തിന് നാലംഗങ്ങളുടെ കുറവുണ്ടാകും.
രാജ്യസഭയിൽ ഒഴിഞ്ഞുകിടക്കുന്ന 19ൽ 11 സീറ്റിലേക്ക് വൈകാതെ തെരഞ്ഞെടുപ്പുണ്ടാകും. അസം, ബിഹാർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ രണ്ട് വീതം സീറ്റുകളിലേക്കും ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ത്രിപുര സംസ്ഥാനങ്ങളിലെ ഓരോ സീറ്റിലേക്കുമാണ് അടുത്തുതന്നെ തെരഞ്ഞെടുപ്പ് നടക്കുക. കെ സി വേണുഗോപാൽ കേരളത്തിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് രാജസ്ഥാനിലെ തെരഞ്ഞെടുപ്പ്. ഈ സീറ്റ് ബിജെപിക്ക് ഉറപ്പാണ്. ഇതിന് പുറമെ മധ്യപ്രദേശിലെയും ത്രിപുരയിലെയും ഒഴിവുകളിലും ബിജെപി തന്നെ ജയിക്കും. ബിഹാർ, അസം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്ന് ഓരോ സീറ്റിൽ വീതവും ജയിക്കാൻ പറ്റും. ഒഴിവുള്ള 11ലെ ആറ് സീറ്റിൽകൂടി ജയിച്ചാലും രാജ്യസഭയിൽ ബിജെപിക്ക് ഭൂരിപക്ഷത്തിലെത്താനാവില്ല.
ഒന്നും രണ്ടും മോദി സർക്കാരുകളുടെ കാലത്ത് ബിജെഡി, വൈഎസ്‌ആർസിപി പാർടികളുടെ പിന്തുണ രാജ്യസഭയിൽ ബിജെപിക്ക് ലഭിച്ചിരുന്നു. ഒഡീഷയിൽ നിയസഭാ തെരഞ്ഞെടുപ്പിൽ തോറ്റതോടെ പാർലമെന്റിൽ ബിജെപിയെ പിന്തുണയ്‌ക്കുന്ന നിലപാടിൽ ബിജെഡി മാറ്റം വരുത്തിയിട്ടുണ്ട്. ബിജെഡിക്ക് രാജ്യസഭയിൽ നിലവിൽ ഒമ്പത് അംഗങ്ങളുണ്ട്. ആന്ധ്രയിൽ ബിജെപി പിന്തുണയോടെ ടിഡിപി അധികാരത്തിലെത്തിയ സാഹചര്യത്തിൽ വൈഎസ്‌ആർസിപിയും പാർലമെന്റിലെ നിലപാടിൽ മാറ്റം വരുത്തിയേക്കാം. വൈഎസ്‌ആർസിപിക്ക് രാജ്യസഭയിൽ 11 അംഗങ്ങളുണ്ട്. ഈ രണ്ട് പാർടികൾ ഒപ്പമില്ലെങ്കിൽ ബില്ലുകളും മറ്റും രാജ്യസഭയിൽ പാസാക്കുന്നതിൽ സർക്കാർ പ്രതിസന്ധി നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..