23 November Saturday

ബിജെപിക്കുവേണ്ടി വ്യാജവാർത്ത പ്രചരിപ്പിക്കാൻ 18,000 ട്വിറ്റർ അക്കൗണ്ടുകൾ; കോൺഗ്രസിന്‌ 147 - പഠനം

വെബ് ഡെസ്‌ക്‌Updated: Friday Jan 31, 2020

ന്യൂഡൽഹി > ബിജെപിക്ക് വേണ്ടി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ 18,000 ട്വിറ്റര്‍ അകൗണ്ടുകളുണ്ടെന്ന് പഠനം. കോണ്‍ഗ്രസിന് വേണ്ടി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ 147 പേരുണ്ട്‌. രാഷ്ട്രീയപക്ഷമുള്ള 4 ലക്ഷം ട്വിറ്റര്‍ അകൗണ്ടുകളെ പിന്തുടര്‍ന്നാണ് പഠനം നടത്തിയത്.

1.2 ലക്ഷം അകൗണ്ടുകളാണ് കോണ്‍ഗ്രസ് അനുകൂല നിലപാടിനൊപ്പമുള്ളത്. ബിജെപി അനുകൂല അകൗണ്ടുകള്‍ 2.7 ലക്ഷമാണ്. ബിജെപിക്ക് വേണ്ടി 17,779 അക്കൗണ്ടുകളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു. വെരിഫൈഡ് ചെയ്യാത്ത അകൗണ്ടുകളിലൂടെയാണ് വിദ്വോഷവും തെറ്റായ വിവരങ്ങളും കൂടുതലായി പ്രചരിപ്പിക്കുന്നതെന്നും ദ പ്രിന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പഠനം നടത്തിയ ആളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അകൗണ്ടുകളുടെ രാഷ്ട്രീയപക്ഷം കണ്ടെത്തുന്നതിനായി മാനദണ്ഡങ്ങളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോളോ ചെയ്യുന്നവരെയും പൗരത്വ ഭേദഗതിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നവരുയുമാണ് ബിജെപി അനുകൂല അകൗണ്ടുകളായി പരിഗണിച്ചത്. ബിജെപി നേതാക്കള്‍, മന്ത്രിമാര്‍ എന്നിവരുടെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടുകള്‍ പിന്തുടരുന്നവരോ അല്ലെങ്കില്‍ മൊത്തം ട്വീറ്റുകളില്‍ രണ്ട് ശതമാനമെങ്കിലും ബിജെപി അനുകൂല റീട്വിറ്റുകളുള്ളവരെയുമാണ് ഇക്കൂട്ടത്തില്‍ പരിഗണിച്ചിരിക്കുന്നത്.

'പ്രിയങ്കാ ഗാന്ധിയെ പിന്തുണയ്ക്കുന്നു', 'കോണ്‍ഗ്രസ് അനുഭാവി' എന്നതോ രണ്ട് ശതമാനം റീട്വീറ്റുകള്‍ ഔദ്യോഗിക പേജില്‍ നിന്നോ നേതാക്കളുടെ അകൗണ്ടില്‍ നിന്നുള്ളതോ ആണെന്നതുമാണ് കോണ്‍ഗ്രസ് അനുഭാവിയാണെന്ന് കണക്കാക്കുന്നത്.

ഹാഷ് ടാഗുകള്‍ ഉപയോഗിച്ചാണ് ട്വിറ്ററിലൂടെ തെറ്റായ വിവരങ്ങളും കുപ്രചരങ്ങളും നടത്തുന്നതെന്നും പഠനത്തില്‍ പറയുന്നു. ജനുവരി അഞ്ചിന് ജെഎന്‍യു ക്യാംപസില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ആക്രമിക്കപ്പെട്ടപ്പോള്‍ രാത്രി 10.30 ഓടെ 'ലെഫ്റ്റ് അറ്റാക്ക് ജെഎന്‍യു' എന്ന ഹാഷ് ടാഗോടെ ട്വീറ്റുകള്‍ വന്നു. അരമണിക്കൂറിനുള്ളില്‍ 2.3 ലക്ഷം തവണയാണ് ഈ ഹാഷ് ടാഗ് ഉപയോഗിച്ചത്. ഒന്നര മണിക്കൂറിനുള്ളില്‍ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ഇതേ ഹാഷ് ടാഗ് ഉപയോഗിച്ചു. ഈ പോസ്റ്റിന് 3000 റീട്വീറ്റുണ്ടായി. ഇതോടൊപ്പമുള്ള ബിജെപി നേതാവിന്റെ വീഡിയോ 40,000 പേരാണ് കണ്ടത്.

വ്യാജപ്രചരണങ്ങള്‍ക്കായുള്ള ട്വിറ്റര്‍ അകൗണ്ടുകളെ പിന്തുണയ്ക്കുന്നുവെന്ന ആരോപണത്തെ ബിജെപിയും കോണ്‍ഗ്രസും തള്ളിക്കളഞ്ഞു. പാര്‍ട്ടി വളണ്ടിയേഴ്‌സിലൂടെയാണ് സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍ നടത്തുന്നതെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ട്വിറ്റര്‍ അകൗണ്ട് ഉള്ള വളണ്ടിയേഴ്‌സ് എത്ര പേരുണ്ടെന്ന് പറയാന്‍ കഴിയില്ലെന്നും ബിജെപി വാദിക്കുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top