ന്യൂഡൽഹി > നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം പുറത്ത്. ദേശീയ പരീക്ഷാ ഏജൻസിയാണ് (എൻടിഎ) ഫലം പുറത്തുവിട്ടത്. പുതുക്കിയ ഫലത്തിൽ കണ്ണൂർ സ്വദേശിയായ ശ്രീനന്ദ് ഷർമിൽ ഒന്നാം റാങ്കുകാരിൽ ഉൾപ്പെട്ടു. ശ്രീനന്ദ് ഉൾപ്പെടെ 17 വിദ്യാർഥികൾക്കാണ് ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്.
സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് എൻടിഎ നീറ്റ് യുജി ഫലം പുതുക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്. exams.nta.ac.in/NEET എന്ന വെബ്‌സൈറ്റിൽ ഫലം പരിശോധിക്കാം.
720ൽ 720 മാർക്കും ലഭിച്ചവരുടെ എണ്ണം 61ൽ നിന്നും 17 ആയി ചുരുങ്ങി. ആദ്യത്തെ ഒരുലക്ഷത്തിനുള്ളിൽ റാങ്ക് ലഭിച്ചവരുടെ റാങ്കുകളിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ജൂൺ നാലിന് നീറ്റ് ആദ്യ ഫലം വന്നപ്പോൾ ഒന്നാം റാങ്ക് നേടിയ 61 പേരിൽ നാല് മലയാളികൾ ഉണ്ടായിരുന്നു. പുതുക്കിയ ഫലം വന്നതോടെ കൗൺസിലിങ്ങ് നടപടികളും ഉടൻ ആരംഭിച്ചേക്കും.
ഫിസിക്‌സ് വിഭാഗത്തിലെ വിവാദമായ ചോദ്യത്തിന് നാലാമത്തെ ഓപ്‌ഷൻ മാത്രമാണ് ശരിയായ ഉത്തരമെന്ന് ഡൽഹി ഐഐടിയിലെ വിദഗ്‌ധസമിതി സുപ്രീംകോടതിക്ക് നിർദേശം നൽകിയിരുന്നു. നേരത്തെ നാലാമത്തെ ഓപ്‌ഷന് പുറമേ രണ്ടാമത്തെ ഓപ്‌ഷൻ തെരഞ്ഞെടുത്തവർക്കും നാല്‌മാർക്ക് വീതം നൽകിയിരുന്നു. വിദഗ്‌ധസമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നാലാമത്തെ ഓപ്‌ഷൻ മാത്രമാണ് ശരിയെന്ന് സ്ഥാപിക്കപ്പെട്ട സാഹചര്യത്തിൽ അതനുസരിച്ച് ഫലം പുതുക്കാൻ സുപ്രീംകോടതി എൻടിഎയോട് ആവശ്യപ്പെടുകയായിരുന്നു. ഇതേതുടർന്ന്, നാല് ലക്ഷത്തിലധികം വിദ്യാർഥികളുടെ മാർക്കിലാണ് മാറ്റം വന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..