ന്യൂഡൽഹി
ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് (യുജി) എഴുതിയ മുഴുവൻ വിദ്യാർഥികളുടെയും ഫലം, പരീക്ഷാകേന്ദ്രം, നഗരം എന്നിവയുടെ അടിസ്ഥാനത്തിൽ ശനി പകൽ 12നുള്ളിൽ പുറത്തുവിടാന്‍ ദേശീയ പരീക്ഷാ ഏജൻസിയോട് (എൻടിഎ) നിർദേശിച്ച് സുപ്രീംകോടതി. വിദ്യാർഥികളെ തിരിച്ചറിയാൻ സഹായിക്കുന്ന റോൾനമ്പർ പോലെയുള്ളവ മറച്ചുവെക്കാം. എന്നാല്‍, എല്ലാവിദ്യാർഥികളും നേടിയ മാർക്ക് വെബ്‌സൈറ്റിലൂടെ പുറത്തുവിടണമെന്നും ചീഫ്‌ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ചോദ്യപേപ്പർ ചോർച്ചയുടെ ആഴവും മാർക്കിടൽ പ്രക്രിയയിലെ പ്രശ്‌നങ്ങളും മനസിലാക്കാൻ വേണ്ടിയാണിത്.
ജൂൺ 14ന് നീറ്റ് യുജി പരീക്ഷാഫലം പുറത്തുവിട്ടിരുന്നെങ്കിലും ഒരോ വിദ്യാർഥിക്കും അവരവരുടെ മാർക്ക് മാത്രമാണ് അറിയാൻ കഴിഞ്ഞിരുന്നത്. ഫലം വന്നശേഷം ചോദ്യപേപ്പർചോർച്ചയും മറ്റ് ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നിരവധി വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചു. പരീക്ഷാ കേന്ദ്രം അടിസ്ഥാനത്തിൽ ഫലം പുറത്തുവന്നാലെ ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്‌തി മനസിലാക്കാനാകൂ എന്ന് ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ നരേന്ദ്രഹൂഡ വാദിച്ചു. എൻടിഎയ്‌ക്ക് വേണ്ടി ഹാജരായ സോളിസിറ്റർജനറൽ തുഷാർമെഹ്‌ത ഇതിനെ എതിർത്തു. എന്നാൽ, വിദ്യാർഥികളുടെ വിശദാംശം മറച്ചുവെച്ച് മാർക്ക് പുറത്തുവിടുന്നതിൽ എന്താണ് കുഴപ്പമെന്ന് സുപ്രീംകോടതി ആരാഞ്ഞു. ‘ബിഹാറിൽ പട്‌നയിലും ജാർഖണ്ഡിൽ ഹസാരിബാഗിലും ചോദ്യപേപ്പർ ചോർന്നുവെന്നത് യാഥാർഥ്യമാണ്. ചോർച്ച അതത് കേന്ദ്രങ്ങളെ മാത്രമാണോ ബാധിച്ചതെന്ന കാര്യം കോടതിക്ക് ഉറപ്പുവരുത്തണം’–- ജസ്‌റ്റിസ് ജെ ബി പർധിവാല, ജസ്‌റ്റിസ് മനോജ് മിശ്ര എന്നിവർ അംഗങ്ങളായ ബെഞ്ച് ചൂണ്ടിക്കാട്ടി. തിങ്കളാഴ്‌ച്ച ഹർജി വീണ്ടും പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..