ന്യൂഡൽഹി> നീറ്റ് യുജി പരീക്ഷയ്‌ക്ക് 45 മിനിറ്റ് മുമ്പുമാത്രമാണ് ചോദ്യപേപ്പർ ചോർന്നതെന്ന കേന്ദ്രസർക്കാരിന്റെയും ദേശീയപരീക്ഷാ ഏജൻസിയുടെയും വാദം പൊളിഞ്ഞു. പരീക്ഷയ്ക്ക് തൊട്ടു മുൻപാണ് ചോർച്ച എന്ന ന്യായീകരണം സുപ്രീംകോടതി തള്ളിയതോടെ പരീക്ഷാ ഏജൻസിയായ എൻ ടി എയ്ക്ക് നേരെയാണ് ഇപ്പോൾ ചോദ്യം ഉയരുന്നത്.
വെറും 45 മിനിറ്റ് കൊണ്ട് 180 ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തി ആവശ്യക്കാര്‍ക്ക് കൈമാറിയെങ്കിൽ അത് അസാധാരണവും വിചിത്രവുമാണെന്ന് ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചതും എൻ ടി എയുടെ വീഴ്ചയിലേക്ക് ശ്രദ്ധ ക്ഷണിച്ചാണ്.
തട്ടിപ്പിന്റെ മുഖ്യആസൂത്രകനെന്ന് കരുതപ്പെടുന്ന അമിത് ആനന്ദിന്റെ മൊഴിയിൽ മെയ് നാലിന് വൈകിട്ട് കുട്ടികളോട് ഉത്തരങ്ങൾ ഹൃദിസ്ഥമാക്കാൻ ആവശ്യപ്പെട്ടുവെന്ന് പരാമർശമുണ്ട്. അതായത് പരീക്ഷയ്‌ക്ക് ഒരുദിവസം മുമ്പുതന്നെ ചോദ്യപേപ്പർ ചോർന്നിട്ടുണ്ടെന്ന സാധ്യതയാണ് ഇത് പറയുന്നത്. ഇക്കാര്യം ചീഫ്‌ജസ്‌റ്റിസ് തന്നെ വിശദീകരിച്ചു.അപ്പോൾ പരീക്ഷയുടെ അന്ന് വിതരണ കേന്ദ്രങ്ങൾ മാത്രം കേന്ദ്രീകരിച്ച് നടന്ന ക്രമക്കേടാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമവും ചോദ്യം ചെയ്യപ്പെടുകാണ്.
ആദ്യം ശ്രമിച്ചത് പരാതിപ്പെട്ടവരെ ജയിലിലടക്കാൻ
വിവാദം ഉയർന്നതോടെ പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളുടെ ചുമതയുള്ളവരെ കേസിൽപ്പെടുത്തി മുഖം രക്ഷിക്കാനായിരുന്നു ആദ്യ ശ്രമം. തകരാറിലായ ഡിജിറ്റൽ ലോക്ക് സഹിതമുള്ള ചോദ്യ പേപ്പറാണ് ലഭിച്ചത് എന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ച പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലക്കാരനാണ് ആദ്യം അറസ്റ്റിലായവരിൽ ഒരാൾ. ഡിജിറ്റൽ ലോക്ക് തുറക്കാത്തത് പരീക്ഷാ നടത്തിപ്പ് ചുമതലയുള്ളവരെ വിളിച്ച് ചോദിച്ചിരുന്നു എന്നും, മൂർച്ചയുള്ള എന്തെങ്കിലും ഉപയോഗിച്ച് പേപ്പർ പുറത്തെടുത്ത് വിതരണം ചെയ്യാനാണ് നിർദ്ദേശം ലഭിച്ചതെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു. മെയ് അഞ്ചിന് പകൽ 10.15 ഓടെയാണ് പരീക്ഷ നടന്നത്.
കോടതി നിർദേശാനുസരണം പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശദമായ ഫലം എൻടിഎ ശനിയാഴ്‌ച പുറത്തുവിട്ടിട്ടുണ്ട്. ഈ ഫലത്തിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാനിലെ സിക്കർ, ഗുജറാത്തിലെ രാജ്‌കോട്ട് തുടങ്ങിയ കേന്ദ്രങ്ങളിലെ ഫലത്തിൽ ചില അസാധാരണത്വങ്ങളുണ്ടെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ നരേന്ദ്രഹൂഡ ചൂണ്ടിക്കാട്ടി. അതായത് വേറെയും സംസ്ഥാനങ്ങളിൽ കൂടുതൽ കേന്ദ്രങ്ങളിൽ കൃത്രിമം വ്യാപിച്ചിരുന്നു എന്ന സൂചനയാണ് ഇത് ഉയർത്തുന്നത്.
ദേശീയ മെഡിക്കൽ (നീറ്റ് യുജി )പരീക്ഷയിൽ എട്ട് കേന്ദ്രങ്ങളിൽ ചോദ്യപേപ്പർ മാറിയെന്നാണ് കേന്ദ്രസർക്കാർ ഇപ്പോൾ പറയുന്നത്. മെയ് അഞ്ചിന് നടന്ന നീറ്റ് യുജിക്കായി രണ്ട് സെറ്റ് ചോദ്യപേപ്പറുകളാണ് തയ്യാറാക്കിയത്. യഥാർഥ ചോദ്യപേപ്പർ എസ്‌ബിഐ ശാഖകളിൽ സൂക്ഷിച്ചു. ‘പ്ലാൻ ബി’ എന്ന നിലയിൽ രണ്ടാം സെറ്റ് ചോദ്യപേപ്പർ കനാറാബാങ്ക് ശാഖകളിൽ സൂക്ഷിച്ചു. ചില പരീക്ഷാകേന്ദ്രങ്ങളിൽ എസ്‌ബിഐ ചോദ്യപേപ്പറിനുപകരം കനാറാബാങ്ക് ചോദ്യപേപ്പറുകൾ തെറ്റായി നൽകിയെന്നും പറയുന്നു.
ഇവ പരീക്ഷാമധ്യത്തിൽ പിൻവലിക്കേണ്ടി വന്നു. തുടർന്ന് സമയംനഷ്ടപ്പെട്ട വിദ്യാർഥികൾക്ക് ഗ്രേസ്‌മാർക്ക് നൽകി എന്നാണ് ന്യായീകരണം. ഒരിക്കലും ലഭിക്കാൻ ഇടയില്ലാത്ത മാർക്ക് ഗ്രേസ് മാർക്കിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചതാണ് പരീക്ഷാ പേപ്പർ ചോർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ വിവാദമായത്. ഇതോടെയാണ് പേപ്പർ കെട്ട് മാറി പൊട്ടിച്ചു എന്ന വാദം കൊണ്ടു വന്നത്. ഇതും വിവാദമായതോടെ ഗ്രേസ്‌മാർക്ക് ലഭിച്ചവര്‍ക്കായി പുനഃപരീക്ഷ നടത്തി മുഖം രക്ഷിക്കയായിരുന്നു.
കുറ്റപ്പെടുത്തി മുഖം രക്ഷിക്കാൻ വിദ്യാഭ്യാസ മന്ത്രി
ചോർച്ചയുടെ ഉത്തരാവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുമോ എന്ന് ഇന്നലെ പാർലമെന്റിൽ പ്രതിപക്ഷം ചോദ്യം ഉയർത്തി. രാജ്യത്ത് എൻ ടി എ നടത്തുന്ന പരീക്ഷകളിൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടെന്നും ഇതിന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തന്നെതാൻ ഒഴികെ മറ്റ് എല്ലാവരെയും കുറ്റപ്പെടുത്തുന്നുണ്ടെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
വ്യാപം അഴിമതി പോലെ ആഴത്തിലുള്ള ബന്ധങ്ങളുടെ ശൃംഖലയിലേക്കാണ് നീറ്റ് ക്രമക്കേട് എത്തിച്ചേർന്നിരിക്കുന്നത്. ദേശീയ പരീക്ഷാ നടത്തിപ്പ് ഏജൻസിയായ എൻ ടി എ സംഘടിപ്പിച്ചിരിക്കുന്ന മാതൃക തന്നെയും തുടക്കം മുതൽ വിമർശന വിധേയമായിരുന്നു. ഇപ്പോൾ സുപ്രീം കോടതി തന്നെയും ഏജൻസിയുടെ ന്യായീകരണത്തെ തള്ളിക്കളയുകയും ചെയ്തിരിക്കയാണ്.
എൻ ടി എ രൂപീകരിച്ചതും വ്യാപം കേസും
2017 -ലാണ് എൻടിഎ രൂപികരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം എടുക്കുന്നത്. ഒന്നാം മോദി സർക്കാരിന്‍റെ പ്രധാന സംഭാവനകളിൽ ഒന്നായിട്ടാണ് ഏജൻസിയെ വിലയിരുത്തിയത്. ആദ്യ ഘട്ടത്തിൽ സിബിഎസ്ഇയും എഐസിടിഇയും നടത്തിയിരുന്ന പരീക്ഷകളുടെ നടത്തിപ്പ് ചുമതല. പിന്നാലെ 2018 ഡിസംബറിൽ യുജിസി നെറ്റ് പരീക്ഷയുടെ ചുമതലയും എൻടിഎയ്ക്ക് നൽകി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സംവിധാനമാണ് എൻടിഎ എന്ന ദേശീയ ടെസ്റ്റിങ് ഏജന്‍സി. ലോകത്തിലെ ഏറ്റവും വലിയ പരീക്ഷാ ഏജൻസികളിലൊന്നാണ് ഇത്. കഴിഞ്ഞ വർഷം എൻടിഎയുടെ കീഴിലെ വിവിധ പരീക്ഷകൾ എഴുതിയതു 1.23 കോടി വിദ്യാർഥികൾ. നീറ്റ്–യുജി, ജെഇഇ – മെയിൻ, നെറ്റ്, സിമാറ്റ്, ജിപാറ്റ് തുടങ്ങി 34 പരീക്ഷകൾ ഇന്ന് എൻടിഎയ്ക്ക് കീഴിലുണ്ട്.
തുടക്കം മുതൽ തന്നെ വിവാദങ്ങളും എൻടിഎയ്ക്ക് ഒപ്പമുണ്ടായിരുന്നു. 2022 -ൽ ജെഇഇ – മെയിൻ പരീക്ഷയിലെ സാങ്കേതിക പ്രശ്നങ്ങൾ വിദ്യാർഥികളെ വലച്ചു. എൻടിഎയുടെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ ശാസ്ത്രീയമായി പരിഷ്കരിക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ തുറന്നടിച്ചിരുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യക്കടലാസ് തയാറാക്കൽ, രഹസ്യാത്മകത സൂക്ഷിക്കൽ, പരീക്ഷാകേന്ദ്രങ്ങളുടെ ഒരുക്കം, മൂല്യനിർണയം എന്നീ ഘട്ടങ്ങളിലായി പലയിടത്തും എൻടിഎയ്ക്ക് വീഴ്ചകൾ പരാതിയായി.
വ്യാപം അഴിമതി പുറത്തെത്തുന്നത് വർഷങ്ങളെടുത്താണ്. നാല് സംസ്ഥാനങ്ങളിൽ ഉന്നതർ ഉൾപ്പെട്ട ശ്രേണിയായിരുന്നു ഇതിന് പിന്നിൽ. പ്രൊഫഷണൽ തട്ടിപ്പ് ലോബികൾ തന്നെ രൂപീകരിച്ച് പ്രവർത്തിച്ചു. ശതകോടികൾ അഴിമതിയിൽ ഒഴുകി. കേസ് അന്വേഷണം പുരോഗമിച്ചതോടെ നൂറിൽ അധികം പേർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. തട്ടിപ്പിനു പിന്നിലെ ശൃംഖല പുറത്തു വരുന്നതിന് കോട്ടമതിൽ തീർത്തു.
അൽപ ബുദ്ധിയിലെ ഗ്രേസ് മാർക്ക്
കഴിഞ്ഞ തവണ നീറ്റ് പരീക്ഷ എഴുതിയവരില്‍ രണ്ടുപേര്‍ മാത്രം മുഴുവന്‍ മാര്‍ക്ക് നേടിയപ്പോള്‍ ഇത്തവണ 67 പേര്‍ക്കാണ് ഒന്നാം റാങ്ക് കിട്ടിയത്. ഇതില്‍ ഏഴു പേര്‍ ഒരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവരായിരുന്നു. ഈ അസ്വാഭാവികതയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചോദ്യം ചെയ്തത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദൂരീകരിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. 23 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ കേരളത്തില്‍ നിന്ന് മാത്രം യോഗ്യത നേടിയത് 86,681 കുട്ടികളാണ്. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലായി ആകെ ലഭ്യമായ സീറ്റ് ഒരു ലക്ഷത്തിന് അടുത്താണ്. സംസ്ഥാനത്ത് ഇത് 1500ല്‍ താഴെ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ പരീക്ഷ പാസായിട്ടും ഉപരിപഠനം ഇവര്‍ക്ക് മുന്നില്‍ വലിയ ചോദ്യ ചിഹ്നമാണ്.
2023-ലെ നീറ്റ് പരീക്ഷയില്‍ 3 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് 716 മാര്‍ക്ക് ലഭിച്ചത്, ഇത്തവണ 72 പേര്‍ക്ക് 716 മാര്‍ക്ക് കിട്ടി. 706 മാര്‍ക്കുള്ള 88 വിദ്യാര്‍ഥികളാണ് 2023ലുണ്ടായിരുന്നത്. ഇത്തവണ 812 ആയി പത്തുമടങ്ങ് വര്‍ധിച്ചു, 650 മാര്‍ക്കുള്ള 7228 കുട്ടികള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നത്, ഇത്തവണ 650 മാര്‍ക്കു വാങ്ങിയവരുടെ എണ്ണത്തില്‍ 3 ഇരട്ടി വര്‍ധനയുണ്ടായി, ഇതോടെ 650ല്‍ താഴെ മാര്‍ക്കുവാങ്ങിയവര്‍ റാങ്ക് ലിസ്റ്റില്‍ പിന്നിലായി. പരീക്ഷയെഴുതാന്‍ നിശ്ചിത സമയം ലഭിക്കാതിരുന്ന സെന്ററുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. എന്നാല്‍ നീറ്റ് പരീക്ഷയില്‍ ഈ രീതിയില്‍ മാര്‍ക്ക് നല്‍കാന്‍ വ്യവസ്ഥയില്ല. ഇത് എൻ ടി എയ്ക്ക് അറിയാത്തതായിരുന്നില്ല. ഇതിനിടയിലാണ് ചോദ്യ പേപ്പർ ക്രമക്കേടും നടന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..