ന്യൂഡൽഹി
ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ് യുജി) ചോദ്യപേപ്പറിലെ വിവാദചോദ്യത്തിന്റെ ശരിയുത്തരത്തിൽ സുപ്രീംകോടതി തീർപ്പുണ്ടാക്കിയതോടെ റാങ്ക്‌പട്ടികയിൽ വലിയമാറ്റങ്ങളുണ്ടാകും. 4,20,774 വിദ്യാർഥികൾക്ക് അഞ്ച് മാർക്ക് വീതം നഷ്ടപ്പെടും. പരിഷ്‌കരിച്ച ഫലം രണ്ടുദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. 19–-ാം ചോദ്യത്തിന് ഉത്തരമായി രണ്ട്, നാല് ഓപ്‌ഷനുകൾ എഴുതിയവർക്ക് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നാല് മാർക്ക് നൽകിയിരുന്നു. സുപ്രീംകോടതി നിർദേശത്തിൽ ചോദ്യം പരിശോധിച്ച ഡൽഹി ഐഐടി നാലാം ഓപ്‌ഷനാണ് ശരിയെന്ന് റിപ്പോര്‍ട്ട് നല്‍കി.
രണ്ടാം ഓപ്‌ഷൻ തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് നൽകിയ നാല് മാർക്ക് പോകും. തെറ്റ് ഉത്തരത്തിന് നെഗറ്റീവ് മാർക്ക് ആകും.
ഇതോടെ അഞ്ച് മാർക്കിന്റെ കുറവുണ്ടാകും. 720ൽ 720 മാർക്കും നേടി ഒന്നാം റാങ്ക് നേടിയ 66 വിദ്യാർഥികളിൽ 44 പേരും വിവാദചോദ്യത്തിന് ലഭിച്ച ഗ്രേയ്‌സ്‌മാർക്കിന്റെ നേട്ടംകിട്ടിയവരാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ അടിസ്ഥാനത്തിൽ പുനഃപരീക്ഷ നടത്തണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..