ന്യൂഡൽഹി
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) നടത്തിപ്പിൽ ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) ഭാഗത്ത് നിന്നുണ്ടായ ഗുരുതരവീഴ്‌ച ആവർത്തിക്കരുതെന്ന് സുപ്രീംകോടതി. പരീക്ഷാനടത്തിപ്പിന്റെ നടപടിക്രമം കേന്ദ്രസർക്കാർ അടിയന്തരമായി ഉടച്ചുവാർക്കണം. ഇത്തരം തെറ്റുകൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും കാരണം വിവാദത്തിലായ നീറ്റ് റദ്ദാക്കണമെന്ന ആവശ്യം തള്ളി പുറപ്പെടുവിച്ച ഉത്തരവിലാണ് സുപ്രീംകോടതി നിർദേശം. പുനഃപരീക്ഷയ്‌ക്ക് നിർദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി ജൂലൈ 23ന് ഉത്തരവിട്ടെങ്കിലും വിശദമായ ഉത്തരവ് വെള്ളിയാഴ്‌ചയാണ് പുറത്തിറക്കിയത്.
ചോദ്യപേപ്പർ എങ്ങനെ, എവിടെയെല്ലാം ചോർന്നു എന്ന ചോദ്യത്തിന് എൻടിഎ ഒരോ തവണയും വ്യത്യസ്‌തങ്ങളായ വിശദീകരണങ്ങളാണ് നൽകിയത്. എൻടിഎയെ പോലെയുള്ള സംവിധാനങ്ങൾ തെറ്റായ ഒരു ചുവടുവച്ചാൽ വിദ്യാർഥികളുടെ ഭാവിയെ അത് വലിയരീതിയിൽ പ്രതികൂലമായി ബാധിക്കും. –- സുപ്രീംകോടതി ഓർമിപ്പിച്ചു.
പരീക്ഷാനടപടിക്രമങ്ങൾ കുറ്റമറ്റതാക്കാൻ ഐഎസ്‌ആർഒ മുൻചെയർമാൻ കെ രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ രൂപീകരിച്ച വിദഗ്‌ധസമിതിയോട് സെപ്‌തംബർ 30നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..