22 December Sunday

നീറ്റ് യുജി ചോദ്യപേപ്പര്‍ കുംഭകോണം ; പണം നൽകി വാങ്ങിയത് 144 പേര്‍, ഉത്തരം 
തയ്യാറാക്കിയത് 9 മെഡിക്കൽ വിദ്യാര്‍ഥികള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024


ന്യൂഡൽഹി
മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയുടെ ചോര്‍ത്തിയ ചോദ്യപേപ്പര്‍ പണം കൊടുത്ത് വാങ്ങിയത് 144 വിദ്യാര്‍ഥികളെന്നും ഉത്തരം തയ്യാറാക്കി നൽകിയത് ഒമ്പത് മെഡിക്കൽ വിദ്യാര്‍ഥികളെന്നും സിബിഐ. ഇവരെയെല്ലാം തിരിച്ചറിഞ്ഞതായും ജാര്‍ഖണ്ഡിലെ ഹസാരിബാ​ഗ് ഒയാസിസ് സ്കൂളാണ് ചോര്‍ച്ചയുടെ പ്രഭവകേന്ദ്രമെന്നും പട്നയിലെ പ്രത്യേക കോടതിയിൽ സമര്‍പ്പിച്ച സിബിഐ മൂന്നാംഘട്ട കുറ്റപത്രത്തിൽ പറയുന്നു.

പരീക്ഷാകേന്ദ്രമായ ഒയാസിസ് സ്കൂളിൽ നിന്ന്  പ്രിൻസിപ്പലും നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഹസാരിബാ​ഗിലെ കോര്‍ഡിനേറ്ററുമായ അഹ്സാനുള്‍ ഹഖ്, സെന്റര്‍ സുപ്രണ്ടായ വൈസ് പ്രിൻസിപ്പല്‍ ഇംതിയാസ് ആലം എന്നിവരുടെ സഹായത്തോടെ ജംഷഡ്പുര്‍ എൻഐടി 2017 ബാച്ച് സിവിൽ എൻജിനിയര്‍  പങ്കജ് കുമാര്‍ ആണ്  ചോദ്യം പേപ്പര്‍ ചോര്‍ത്തിയത്. പരീക്ഷാദിനമായ മെയ് 5ന് രാവിലെ എട്ടിന് ചോ​ദ്യപപ്പര്‍ പെട്ടി സ്കൂളിലെത്തിച്ച് കൺട്രോര്‍ റൂമിൽ സൂക്ഷിച്ചു. ഈ മുറിയിലേക്ക് പങ്കജ്കുമാറിനെ പ്രവേശിപ്പിച്ചു. വിദ​ഗ്ധമായി പെട്ടി തുറന്ന്  ചോദ്യം പേപ്പറിന്റെ എല്ലാ പേജുകളുടെയും ഫോട്ടോ എടുത്തശേഷം തിരികെവച്ച് സീൽ ചെയ്തു. ഹസാരിബാ​ഗിലെ രാജ് ​ഗസ്റ്റ് ഹൗസിലെത്തി ഫോട്ടോകള്‍ സഹായി സുരേന്ദ്രകുമാര്‍ ശര്‍മയ്ക്ക്  കൈമാറി. ഇവിടെയുണ്ടായിരുന്ന ഒമ്പത് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉത്തരം തയാറാക്കിയ ശേഷം സ്കാൻ ചെയ്ത് വിവിധ സ്ഥലങ്ങളിലുള്ള സംഘാം​ഗങ്ങള്‍ക്ക് അയച്ചുനൽകി.

ഇവര്‍ ഇതിന്റെ പ്രിന്റ് എടുത്ത് പരീക്ഷയ്ക്ക് മുമ്പ് പണം നൽകിയ പരീക്ഷാര്‍ഥികള്‍ക്ക് കൈമാറി. പിന്നീട് ഇത് കത്തിച്ചുകളഞ്ഞു. പരീക്ഷാര്‍ഥികളിൽ ചിലര്‍ താമസിച്ച പട്നയിലെ ഹോസ്റ്റലിൽ നിന്ന് കിട്ടിയ പകുതി കത്തിയ പേപ്പറിലെ സീരിയിൽ നമ്പറാണ് ഒയാസിസ് സ്കൂളിലേക്ക് അന്വേഷണമെത്തിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top