23 December Monday

ഹാരപ്പനല്ല സിന്ധു-സരസ്വതി നാഗരികത, ദളിത്‌ പരാമർശങ്ങളില്ല; ചരിത്രത്തെ വീണ്ടും വളച്ചൊടിച്ച്‌ എന്‍സിഇആര്‍ടി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ന്യൂഡൽഹി> ദേശിയ വിദ്യാഭ്യാസനയമനുസരിച്ച്‌ (എൻഇപി) എന്‍സിഇആര്‍ടി പാഠ്യപദ്ധതി പരിഷ്‌കരിച്ചു. അതിന്റെ ഭാഗമായി ആറാം ക്ലാസ്‌ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിൽ 'ഹാരപ്പൻ' നദീതട സംസ്കാരത്തെയാണ്‌ 'സിന്ധു-സരസ്വതി നാഗരികത' എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്നത്‌. എൻഇപിയുടെ ആദ്യ സാമൂഹ്യ ശാസ്ത്ര പാഠപുസ്‌തമായ 'എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബീയോണ്ടി'ലാണ് പരാമർശം.

ഹാരപ്പൻ നഗരങ്ങളുടെ തകർച്ചയ്ക്ക് പിന്നിൽ സരസ്വതി നദിയുടെ വരൾച്ചയാണ്‌ കാരണമെന്നാണ്‌ കേന്ദ്രസർക്കാർ വെള്ളിയാഴ്ച പുറത്തിറക്കിയ പുസ്തകത്തിൽ പറയുന്നത്‌.  ഈ നദി ഇന്ന് ഇന്ത്യയിൽ 'ഘഗ്ഗർ' എന്ന പേരിലും പാക്കിസ്ഥാനിൽ 'ഹക്ര' എന്ന പേരിലും അറിയപ്പെടുന്നു വെന്നും പുസ്തകത്തിൽ പറയുന്നു. കൂടാതെ 'ഋഗ്വേദ'ത്തിൽ സരസ്വതി നദിയെപ്പറ്റിയുള്ള പരാമർശത്തെക്കുറിച്ചും പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.

നിരവധി മാറ്റങ്ങളാണ് ടെക്സ്റ്റ്ബുക്കുകളിൽ എൻസിഇആർടി കൊണ്ടുവന്നിട്ടുള്ളത്. സംസ്കൃത പദങ്ങൾ ഉൾപ്പെടുത്തുക മുതൽ സമയം കണക്കാക്കുന്ന ഗ്രീൻവിച് രേഖയ്ക്ക് വരെ ഇന്ത്യൻ പതിപ്പ്‌ അവതരിപ്പിക്കുകയാണ്‌ പാഠപുസ്തകത്തിൽ . 'ഗ്രീൻവിച് മെറിഡിയൻ' നിശ്ചയിക്കുന്നതിനും നൂറ്റാണ്ടുകൾ മുൻപ് ഇന്ത്യയ്ക്ക് സ്വന്തമായി സമയക്രമം നിശ്ചയിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നെന്നും ഉജ്ജയിനിലൂടെയാണ് കടന്നുപോയിരുന്നതെന്നും പാഠഭാഗംത്തിൽ പറയുന്നു. കൂടാതെ ഭൂമിശാസ്ത്രം ഭാഗത്തിൽ കാളിദാസന്റെ കുമാരസംഭവം കാവ്യത്തെയും അതിലെ -ഹിമാലയം പരാമർശത്തെയുമാണ്‌ ഉൾപ്പെടുത്തിയിട്ടുള്ളത്‌. ജാതി വിവേചനത്തെയും അസമത്വത്തെയും കുറിച്ചുള്ള പരാമർശങ്ങളും ദളിത് എന്ന പദത്തിന്റെ നിർവചനവും പാഠപുസ്തകത്തിൽനിന്ന്  നീക്കം ചെയ്തു.  പഴയ പുസ്തകത്തിൽ ബി ആർ അംബേദ്കറെക്കുറിച്ചും ദളിത് സമുദായത്തിന്റെ അവകാശങ്ങൾക്കായുള്ള അദ്ദേഹത്തിന്റെ  പോരാട്ടങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരുന്നു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ചാൻസലർ എം സി പന്ത് ചെയർമാനായുള്ള 19 അംഗ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പുതിയ പാഠപുസ്തകങ്ങളുടെ രൂപകൽപ്പന. എഴുത്തുകാരി സുധാ മൂർത്തി, ആർഎസ്എസ് ബന്ധമുളള  സംസ്കൃത ഭാരതിയുടെ സ്ഥാപക അംഗം മഞ്ജുൾ ഭാർഗവ, ഗായകൻ ശങ്കർ മഹാദേവൻ ബിബേക് ദെബ്രോയ്, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർപേഴ്‌സൺ ഡോ. ചാമു കൃഷ്ണ ശാസ്ത്രി എന്നിവർ ഉൾപ്പെടുന്നതാണ് സമിതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top