മലയാള ചലച്ചിത്രരംഗത്തെ സ്ത്രീ മുന്നേറ്റത്തിന്റെയും ഹേമ കമ്മിറ്റി തുറന്നു വിട്ട കൊടുങ്കാറ്റിന്റെയും തരംഗങ്ങൾ തമിഴിലേക്കും വ്യാപിക്കുന്നു. തമിഴിലെ മുതിർന്ന നടിയും സീരിയൽ നിർമാതാവുമായ കുട്ടി പത്മിനിയാണ് തുറന്നു പറച്ചിലുമായി രംഗത്ത് എത്തിയത്. പലതും സഹിച്ചാണ് തമിഴ് ടെലിവിഷൻ സീരിയൽ രംഗത്ത് സ്ത്രീകൾ നിലനിൽക്കുന്നത്. സഹനത്തിന് കഴിയാത്ത പലരും ആത്മഹത്യ ചെയ്തെന്നും അവർ തുറന്നടിച്ചു.
''സംവിധായകർ, ടെക്നീഷ്യന്മാർ തുടങ്ങിയവരൊക്കെ ലൈംഗികമായ ആവശ്യങ്ങളും ഉപാധികളും നടിമാർക്കു മുന്നിൽ വയ്ക്കുന്ന സാഹചര്യമാണ്. ഇത് സാധാരണം എന്ന പോലെയായിരിക്കുന്നു. ഡോക്ടർ, അഭിഭാഷകർ, ഐടി തുടങ്ങിയ തൊഴിൽരംഗം പോലെ ഒരു ജോലിയല്ലേ അഭിനയവും. പിന്നെ എങ്ങനെയാണ് ഈ മേഖല മാത്രം മാംസക്കച്ചവടത്തിന്റെത് ആകുന്നത് എന്ന് കുട്ടി പത്മിനി ചോദിച്ചു.
ബാലതാരമായിരിക്കെ മോശം അനുഭവം
ബാലതാരമായിരിക്കെ ഹിന്ദി സിനിമ സെറ്റിൽ മോശം അനുഭവമുണ്ടായി. പ്രതികരിച്ചപ്പോൾ സിനിമയിൽനിന്ന് തന്നെ പുറത്താക്കിയ അനുഭവമുണ്ടായി. തന്റെ അമ്മ വിഷയം പുറത്തുപറഞ്ഞതോടെയാണ് സിനിമയിൽനിന്ന് തന്നെ ഒഴിവാക്കിയത്.
തെളിയിക്കാനുള്ള കഷ്ടപ്പാട് ആലോചിച്ചാണ് പല സ്ത്രീകളും ലൈംഗിക ചൂഷണത്തെക്കുറിച്ച് പരാതിപ്പെടാത്തത്. എല്ലാം സഹിക്കാൻ തയ്യാറാകുന്നവർക്കു വൻ സാമ്പത്തികനേട്ടമുണ്ടാക്കാനാകുമെന്നതാണ് സിനിമ സീരിയൽ രംഗത്തെ സാഹചര്യം.
തമിഴ് സിനിമ, സീരിയൽ രംഗത്തെ ലൈംഗികപീഡനങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുകൾ നടത്തിയ ചിന്മയിക്കും ശ്രീ റെഡ്ഡിക്കും ജോലിയിൽ വിലക്കുകളും ഭീഷണിയും നേരേടേണ്ടി വന്നു. നടൻ രാധാ രവിക്കെതിരെ ആരോപണമുന്നയിച്ചവരെ പിന്തുണച്ചതോടെ ചിന്മയിയെ പൂർണമായി വിലക്കി. സിനിമ, സീരിയൽ രംഗത്തെ സംഘടനകളിലൊന്നും അംഗത്വം പുതുക്കി നൽകിയില്ല. ശ്രീ റെഡ്ഡിക്കും ഇതേ അവസ്ഥയാണ് നേരിടേണ്ടി വന്നതെന്നും കുട്ടി പത്മിനി വിശദമാക്കി.
ആദ്യം തുറന്നടിച്ചത് വിശാൽ
തമിഴ് സിനിമയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന വെളിപ്പെടുത്തലുമായി താര കൂട്ടായ്മ 'നടികർ സംഘ'ത്തിന്റെ ജനറൽ സെക്രട്ടറി വിശാൽ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. തമിഴ് സിനിമയിൽ 80 ശതമാനം നടിമാരും ചതിക്കുഴിയിൽ പെടുന്നുണ്ട്. 20 ശതമാനം പേർക്ക് മാത്രമേ നേരിട്ട് അവസരം ലഭിക്കുന്നുള്ളൂ. ചില നടികൾക്ക് സുരക്ഷാപ്രശ്നങ്ങൾ കാരണം ബൌൺസർമാരെ വെയ്ക്കേണ്ട അവസ്ഥയാണെന്നും വിശാൽ പറഞ്ഞിരുന്നു.
തമിഴിലും ഹേമ കമ്മിറ്റിക്ക് സമാനമായ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടക്കേണ്ടതിന്റെക ആവശ്യകതയെക്കുറിച്ചും വിശാൽ ചൂണ്ടിക്കാട്ടിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..