23 December Monday

‘ബഹുമാനമില്ലെങ്കിൽ കോടതി അടച്ചുപൂട്ടാം, ടെലികോം കമ്പനികളുടെ ധാർഷ്ട്യം അംഗീകരിക്കാനാകില്ല’ ; ആഞ്ഞടിച്ച്‌ ജസ്റ്റിസ്‌ അരുൺ മിശ്ര

എം അഖിൽUpdated: Friday Feb 14, 2020


ന്യൂഡൽഹി
നിയമവ്യവസ്ഥയെ ബഹുമാനമില്ലാത്ത രാജ്യത്ത്‌ സുപ്രീംകോടതി അടച്ചുപൂട്ടുന്നതാണ്‌ നല്ലതെന്ന്‌ ജസ്‌റ്റിസ്‌ അരുൺമിശ്ര. ഭീമമായ കുടിശ്ശിക അടയ്‌ക്കാത്ത ടെലികോം കമ്പനികൾക്കും കുടിശ്ശിക പിരിച്ചെടുക്കാൻ നടപടി സ്വീകരിക്കാത്ത ടെലികോം വകുപ്പിനുമെതിരെ സുപ്രീംകോടതി മൂന്നംഗ ബെഞ്ച്‌ ആഞ്ഞടിച്ചു. 47 ലക്ഷം കോടിയുടെ കുടിശ്ശിക അടയ്‌ക്കാത്ത ഭാരതി എയർടെൽ, വൊഡാഫോൺ മാനേജിങ് ഡയറക്ടർമാർക്ക്‌ എതിരെയും  ഡിപ്പാർട്ട്‌മെന്റ്‌ ഓഫ്‌ ടെലികോം (ഡിഒടി) ഉദ്യോഗസ്ഥനുമെതിരെ കോടതിയലക്ഷ്യനടപടി സ്വീകരിക്കാൻ കോടതി ഉത്തരവിട്ടു.

ക്രമീകരിച്ച മൊത്തം വരുമാനം ഇനത്തിൽ 92,000 കോടി ഉൾപ്പെടെ ടെലികോം കമ്പനികൾ 1.47 ലക്ഷം കോടി അടയ്‌ക്കണമെന്ന്‌ ഒക്ടോബറിൽ ജസ്‌റ്റിസ്‌ അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടിരുന്നു. ഉത്തരവിനെതിരായ പുനഃപരിശോധനാ ഹർജി ജസ്‌റ്റിസ്‌ അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച്‌  തള്ളി. കമ്പനികൾക്കെതിരെ തൽക്കാലം നടപടി വേണ്ടെന്ന്‌ നിർദേശിച്ച്‌ ഡിഒടി ഉദ്യോഗസ്ഥൻ അക്കൗണ്ടന്റ്‌ ജനറലിന്‌ ജനുവരി 23നു കത്തുനൽകി.  ഈ സാഹചര്യത്തിലാണ്‌ ടെലികോം കമ്പനികളുടെ പുതിയ ഹർജി വെള്ളിയാഴ്ച കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്‌.

എന്തൊരു ധാർഷ്ട്യമാണിത്‌?
ടെലികോം കമ്പനികളുടെ ധാർഷ്ട്യം അംഗീകരിക്കാനാകില്ലെന്ന്‌ ജസ്‌റ്റിസ്‌ അരുൺമിശ്ര വിമർശിച്ചു. ‘നിയമവ്യവസ്ഥയോട്‌ തരിമ്പും ബഹുമാനമില്ലാത്ത ഈ രാജ്യത്ത്‌ ജീവിക്കുന്നതിനേക്കാൾ നല്ലത്‌ വേറെ എങ്ങോട്ടെങ്കിലും പോകുകയാണ്‌. ഇങ്ങനെയൊരു സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ തീരെ ആഗ്രഹമില്ല. എങ്ങനെയാണ്‌ ടെലികോം വകുപ്പിലെ ഒരു സാധാരണ ഉദ്യോഗസ്ഥന്‌ കോടതി വിധി മറികടക്കാൻ ധൈര്യമുണ്ടായത്‌? അരമണിക്കൂറിനുള്ളിൽ ആ ഉത്തരവ്‌ പിൻവലിച്ചില്ലെങ്കിൽ അയാൾ ഇന്നുതന്നെ ജയിലിൽ പോകും. നിയമവ്യവസ്ഥയ്‌ക്ക്‌  എതിരായ ബഹുമാനക്കുറവ്‌ വച്ചുപൊറുപ്പിക്കാനാകില്ല’’ –- ജസ്‌റ്റിസ്‌ അരുൺമിശ്ര തുറന്നടിച്ചു.

ടെലികോം വകുപ്പും കമ്പനികളും കൂട്ടാളികളെപ്പോലെയാണ്‌ പ്രവർത്തിക്കുന്നതെന്ന ജഡ്‌ജിയുടെ പരാമർശം ശരിയല്ലെന്ന്‌ സോളിസിറ്റർ ജനറൽ തുഷാർമെഹ്‌ത വാദിച്ചു. ‘‘അധികം വാദിച്ചാൽ താങ്കൾക്ക്‌ എതിരെയും നടപടിയുണ്ടാകു’’മെന്ന്‌ ജസ്‌റ്റിസ്‌ അരുൺമിശ്ര പ്രതികരിച്ചു. മാർച്ച്‌ 17നു കേസ്‌ വീണ്ടും പരിഗണിക്കുമ്പോൾ ടെലികോം കമ്പനി ഉടമകൾ നേരിട്ട്‌ ഹാജരാകാനും കോടതി നിർദേശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top