ന്യൂഡൽഹി
സുപ്രീംകോടതിയുടെ രോഷപ്രകടനത്തിന് പിന്നാലെ ടെലികോം കമ്പനികൾ കുടിശ്ശിക വെള്ളിയാഴ്‌ച രാത്രി 11.59നുമുമ്പ് അടച്ചിരിക്കണമെന്ന കർശന നിർദേശവുമായി ടെലികോം വകുപ്പ്. ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ തുടങ്ങിയ കമ്പനികളോടാണ് നിർദേശം. എജിആർ ഇനത്തിൽ 92,000 കോടി 1.47 ലക്ഷം കോടി രൂപ ടെലികോം കമ്പനികൾ അടയ്‌ക്കേണ്ടതുണ്ട്.
ടെലികോം ഇതര സേവനങ്ങളിൽനിന്നുള്ള വരുമാനംകൂടി കണക്കാക്കിയ ശേഷം ടെലികോം കമ്പനികൾ സർക്കാരിലേക്ക് അടയ്‌ക്കേണ്ട തുകയാണ് എജിആർ. വൊഡാഫോൺ –- ഐഡിയ: 50,000 കോടി, ഭാരതി എയർടെൽ: - 35,586 കോടി, ടാറ്റാടെലി: 14,000 കോടി , ജിയോ: -60 കോടി എന്നിങ്ങനെയാണ് വിവിധ ടെലികോം കമ്പനികളുടെ എജിആർ കുടിശ്ശിക. എജിആർ എങ്ങനെയാണ് കണക്കുകൂട്ടുകയെന്ന തർക്കം കമ്പനികൾക്കും ടെലികോം വകുപ്പിനും ഇടയിൽ ഉണ്ടായിരുന്നു. 14 വർഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ 1.47 ലക്ഷം കോടി ടെലികോം കമ്പനികൾ കെട്ടണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ജിയോ മാത്രമാണ് ഇതിനോടകം കുടിശ്ശിക അടച്ചിട്ടുള്ളത്. കടുത്ത പ്രതിസന്ധി നേരിടുന്ന മറ്റ് ടെലികോം കമ്പനികൾ വീണ്ടും കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഫെബ്രുവരിയിൽ കേസ് അടുത്തതവണ പരിഗണിക്കുന്നതിനു മുമ്പ് കുടിശ്ശിക അടയ്‌ക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി അന്ത്യശാസനം നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..