22 December Sunday

വായു മലിനീകരണം അതിരൂക്ഷം; ഡൽഹിയിൽ പ്രൈമറി സ്കൂളുകൾ അടച്ചു, ​ഗതാ​ഗതത്തിനും നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

ന്യൂഡൽഹി > വായു മലിനീകരണം അതിരൂക്ഷമായി തുടരുന്ന ഡൽഹിയിൽ ഇന്നു മുതൽ കർശന നിയന്ത്രണങ്ങൾ. പ്രൈമറി സ്‌കൂളുകൾ അടച്ചു. ഇന്ന് മുതൽ ക്ലാസുകൾ ഓൺലൈനായി നടത്താനാണ് നിർദേശം. അടിയന്തരമല്ലാത്ത എല്ലാ ഖനന പ്രവർത്തനങ്ങളും നിർമാണ പ്രവർത്തികളും നിർത്തി വയ്ക്കാനും നിർദേശമുണ്ട്.  

കഴിഞ്ഞ മൂന്നു ദിവസമായി വായു ഗുണനിലവാര സൂചിക കുത്തനെ ഉയരുകയാണ്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് റിപ്പോർട്ട് പ്രകാരം എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 409ൽ എത്തി. 39 മോണിറ്ററിങ് സ്റ്റേഷനുകളിൽ 21 എണ്ണം ഗുരുതരമായ എക്യുഐ ലെവലുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ജഹാംഗീർപുരി, ബവാന, വസീർപൂർ, രോഹിണി എന്നിവിടങ്ങളിൽ യഥാക്രമം 458, 455, 455, 452 എന്നിങ്ങനെയാണ് എക്യുഐ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും 400 നു മുകളിലാണ് ഡൽഹിയിലെ വായു ഗുണനിലവാര നിരക്ക്. കടുത്ത പുകമഞ്ഞ് ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയടക്കം ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

കമീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് പ്രഖ്യാപിച്ച ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ മൂന്നാം ഘട്ട മലിനീകരണ വിരുദ്ധ നടപടികൾ ഇന്ന് രാവിലെ എട്ട് മണി മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഇലക്ട്രിക് അല്ലാത്ത ബസുകൾ നിരത്തിലിറക്കാൻ അനുവദിക്കില്ല. BS-III പെട്രോൾ, BS-IV ഡീസൽ നാല് ചക്ര വാഹനങ്ങൾ ക്യാപിറ്റൽ റീജിയൻ (എൻസിആർ) ഗുരുഗ്രാം, ഗാസിയാബാദ് തുടങ്ങിയ ചില ഭാഗങ്ങളിലും അനുവദിക്കില്ല. ഡൽഹിയിലേക്ക് വാണിജ്യ ആവശ്യങ്ങൾക്കായുള്ള വാഹനങ്ങൾ വരുന്നത് നിരോധിച്ചു. നോൺ- ഇലക്‌ട്രിക്, നോൺ- സിഎൻജി, നോൺ- ബിഎസ്-VI ഡീസൽ അന്തർസംസ്ഥാന ബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്‌സ്‌പോട്ട് പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം തളിക്കാനും നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങളിൽനിന്നുള്ള പുക, കൃഷിയിടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുക എന്നിവക്ക് പുറമെ കാറ്റിന്റെ വേഗത കുറഞ്ഞതും ഡൽഹിയിലെ മലിനീകരണം രൂക്ഷമാകാൻ കാരണമായെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top