23 December Monday

മൈക്രോസോഫ്‌റ്റ്‌ വിൻഡോസ്‌ തകരാർ ; വ്യോമഗതാഗതം 
അവതാളത്തിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024


ന്യൂഡൽഹി
മൈക്രോസോഫ്‌റ്റ്‌ വിൻഡോസ്‌ തകരാറിലായതിനെത്തുടർന്ന്‌ രാജ്യത്തെ വ്യോമഗതാഗത, ബാങ്കിങ്, ഓഹരികമ്പോള മേഖലകൾ പ്രതിസന്ധിയിലായി. ഡൽഹി, മുംബൈ, ഹൈദരാബാദ്‌ തുടങ്ങി രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെ പ്രവർത്തനം തടസ്സപ്പെട്ടതോടെ യാത്രക്കാർ വലഞ്ഞു. ഇൻഡിഗോ, ആകാശ എയർ, സ്‌പൈസ്‌ജെറ്റ്‌, എയർഇന്ത്യ, വിസ്‌താര തുടങ്ങി പ്രമുഖ വിമാനക്കമ്പനികളുടെ ബുക്കിങ്‌, ചെക്ക്‌ഇൻ, ബോർഡിങ് സേവനങ്ങളുടെ താളംതെറ്റി. ഇൻഡിഗോയുടെമാത്രം ഇരുനൂറോളം വിമാന സർവീസുകൾ റദ്ദാക്കി. തങ്ങളുടെ നിയന്ത്രണത്തിൽ അല്ലാത്ത സാങ്കേതികപ്രശ്‌നം കാരണമാണ്‌ പ്രതിസന്ധി എന്നതിനാൽ മറ്റൊരു ദിവസം ടിക്കറ്റ്‌ നൽകുകയോ, ടിക്കറ്റിന്റെ പണം മടക്കി നൽകുകയോ ഉണ്ടാകില്ലെന്ന്‌ ഇൻഡിഗോ പ്രസ്‌താവനയിൽ പറഞ്ഞു.

മൈക്രോസോഫ്‌റ്റുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന്‌ ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ്‌ പ്രതികരിച്ചു. നാഷണൽ ഇൻഫർമാറ്റിക്‌സ്‌ സെന്റർ (എൻഐസി) ശൃംഖലകളെ ബാധിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. ഓഹരിവിപണിയിലെ ഇടപാടുകളെ പ്രതികൂലമായി ബാധിച്ചു. എസ്‌ബിഐ, ഐസിഐസിഐ, ബാങ്ക്‌ ഓഫ്‌ ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്കുകളുടെ ഉപയോക്താക്കൾ പ്രശ്‌നങ്ങൾ നേരിട്ടു. എന്നാൽ, എസ്‌ബിഐ ശൃംഖലകളെ സാങ്കേതികപ്രശ്‌നങ്ങൾ ബാധിച്ചിട്ടില്ലെന്ന്‌ എസ്‌ബിഐ ചെയർമാൻ ദിനേശ്‌ ഖാര പ്രതികരിച്ചു. രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ കാര്യമായി ബാധിച്ചില്ലെന്ന് റിസർവ് ബാങ്ക് പ്രസ്‌താവനയിൽ പറഞ്ഞു. ക്ലൗഡുമായി ബന്ധപ്പെട്ടല്ല മിക്ക ബാങ്കുകളുടെയും നിർണായക സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്‌. ഏതാനും ബാങ്കുകൾമാത്രമാണ് ക്രൗഡ്‌സ്ട്രൈക്ക് ടൂൾ ഉപയോഗിക്കുന്നത്. രാജ്യത്താകെ 10 ബാങ്കിനെയും ബാങ്ക്‌ ഇതര ധനസ്ഥാപനങ്ങളെയും മാത്രമാണ് ചെറിയ തോതിലെങ്കിലും ബാധിച്ചതെന്നും ആർബിഐ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top