ന്യൂഡൽഹി
സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റികൾ (എസ്‌ഇഐഎഎ) ഇതുവരെയും രൂപീകരിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിൽ ആറ് ആഴ്‌ചക്കുള്ളിൽ അതോറിറ്റികൾ രൂപീകരിക്കണമെന്ന് സുപ്രീംകോടതി. ദേശീയ ഹരിത ട്രിബ്യൂണലിന്റെ 2018 സെപ്‌തംബറിലെ ഉത്തരവിനെതിരെ കേന്ദ്രസർക്കാർ ഫയൽ ചെയ്‌ത അപ്പീൽ പരിഗണിച്ചാണ് നടപടി.
25 ഹെക്‌ടർ വരെയുള്ള ഖനികളുടെ പാരിസ്ഥിതിക അനുമതി വാങ്ങൽ പ്രക്രിയകളിൽ വെള്ളംചേർത്ത 2016ലെ കേന്ദ്രസർക്കാർ വിജ്ഞാപനങ്ങൾ പുനഃപരിശോധിക്കണമെന്നാണ് ദേശീയ ഹരിതട്രിബ്യൂണൽ 2018 സെപ്‌തംബറിൽ ഉത്തരവിട്ടത്. ‘ബി–-2 വിഭാഗം പദ്ധതികൾ’ എന്ന് പേരിട്ടിട്ടുള്ള ഇത്തരം ഖനികൾക്ക് പാരിസ്ഥിതിക അനുമതികൾ നൽകേണ്ടത് ജില്ലാ പരിസ്ഥിതി ആഘാതനിർണയ അതോറിറ്റികൾ (ഡിഇഐഎഎ) ആണെന്ന് 2016ലെ കേന്ദ്രസർക്കാർ വിജ്ഞാപനങ്ങൾ വ്യവസ്ഥ ചെയ്‌തിരുന്നു. കേന്ദ്രസർക്കാർ വിജ്ഞാപനങ്ങൾ ദീപക്‌കുമാർ കേസിലെ (2012) സുപ്രീംകോടതി വിധിക്ക് എതിരാണെന്ന് ദേശീയ ഹരിതട്രിബ്യൂണൽ ചൂണ്ടിക്കാണിച്ചു. ജില്ലാ പരിസ്ഥിതി ആഘാത നിർണയ ട്രിബ്യൂണലുകൾ നൽകിയ പാരിസ്ഥിതിക അനുമതികൾ ഹരിതട്രിബ്യൂണൽ റദ്ദാക്കുകയും ചെയ്‌തു. ഈ നടപടിക്കെതിരെയാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
ജില്ലാ പരിസ്ഥിതി ആഘാത നിർണയ അതോറിറ്റികൾ അനുവദിച്ച പാരിസ്ഥിതികാനുമതികൾ സംസ്ഥാന പരിസ്ഥിതി ആഘാതനിർണയ അതോറിറ്റികൾ വീണ്ടും പരിശോധിച്ച് ഉചിത തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. അടുത്ത മാർച്ച് 31നുള്ളിൽ സംസ്ഥാന പരിസ്ഥിതി ആഘാതനിർണയ അതോറിറ്റികൾ ഈ നടപടികൾ പൂർത്തിയാക്കണം. ഇതുവരെ പാരിസ്ഥിതിക അനുമതിക്കായി സംസ്ഥാനപരിസ്ഥിതി അതോറിറ്റിയെ സമീപിക്കാത്തവർ മൂന്നാഴ്‌ചയ്‌ക്കുള്ളിൽ അപേക്ഷിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസ് ജനുവരിയിൽ വീണ്ടും പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..