24 December Tuesday

രാജ്യത്ത് ക്രൈസ്തവവേട്ട കൂടുന്നു ; ദേശീയ ന്യൂനപക്ഷ കമീഷനിൽ ക്രൈസ്‌തവർക്ക്‌ 
 5 വർഷമായി പ്രാതിനിധ്യമില്ല

പ്രത്യേക ലേഖകൻUpdated: Tuesday Dec 24, 2024


ന്യൂഡൽഹി
രാജ്യത്ത്‌ ക്രൈസ്‌തവർക്കുനേരെയുള്ള ആക്രമണങ്ങൾ 2014 മുതൽ വർഷന്തോറും വർധിക്കുകയാണെന്ന്‌ യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറം(യുസിഎഫ്‌) ഹെൽപ്പ്‌ലൈൻ റിപ്പോർട്ട്‌. 2024ൽ നവംബർവരെ 745 ആക്രമണം റിപ്പോർട്ട്‌ ചെയ്‌തു. 2014ൽ 127 ആക്രമണമാണ്‌ നടന്നതെങ്കിൽ 2019ൽ ഇത്‌ 328 ആയി. 2020നുശേഷം വൻവർധന. 2021ൽ 505, 2022ൽ 601, 2023ൽ 734 എന്ന ക്രമത്തിൽ ആക്രമണങ്ങൾ ഹെൽപ്പ്‌ ലൈൻ നമ്പറിൽ റിപ്പോർട്ട്‌ ചെയ്‌തതായി യുസിഎഫ്‌ വക്താവ്‌ എ സി മൈക്കിൾ അറിയിച്ചു.

മണിപ്പുരിൽ ക്രൈസ്‌തവർക്കുനേരെ നടക്കുന്ന ആക്രമണങ്ങളുടെ കണക്ക്‌ ഇതിൽപെടുത്തിയിട്ടില്ല. മണിപ്പുരിൽ മാത്രം 200ൽപരം പള്ളികൾ തകർത്തിട്ടുണ്ട്‌. പല സംസ്ഥാനത്തും ക്രൈസ്‌തവർക്കെതിരെ ആക്രമണങ്ങൾ നടക്കുമ്പോൾ പൊലീസ്‌ നിയമലംഘകരുടെ പക്ഷത്താണ്‌ നിൽക്കുന്നതെന്ന്‌ റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ക്രൈസ്‌തവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുക്കുകയാണ്‌. അഞ്ച്‌ വർഷമായി ദേശീയ ന്യൂനപക്ഷ കമീഷനിൽ ക്രൈസ്‌തവർക്ക്‌ പ്രാതിനിധ്യമില്ല. 12 സംസ്ഥാനത്ത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെ മതംമാറ്റ വിരുദ്ധനിയമങ്ങൾ നടപ്പാക്കി. യുഎപിഎ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം എന്നിവപോലെ കിരാതമാണ്‌ ഈ നിയമങ്ങളും–- റിപ്പോർട്ടിൽ പറഞ്ഞു. രാജ്യത്ത്‌ നടക്കുന്ന ക്രൈസ്‌തവപീഡത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌ യുസിഎഫ്‌ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top