അഹമ്മദാബാദ്
സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് ആരോപിച്ച് ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയില്‍ സോമനാഥ ക്ഷേത്രത്തിന് സമീപ പ്രദേശത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദര്‍ഗയും മസ്ജിദും ഖബര്‍സ്ഥാനും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെയാണ് സംരക്ഷിത സ്മാരകമടക്കമുള്ളവ ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ പൊളിച്ചുനീക്കിയത്.
വെരാവലിലെ പ്രഭാസ് പട്ടാനിലാണ് 58 ബുള്‍ഡോസറുകള്‍, 52 ട്രാക്ടറുകള്‍, ക്രെയിനുകള്‍ തുടങ്ങിയവ ഉപയോഗിച്ച് ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ "കൈയേറ്റമൊഴിപ്പിക്കല്‍' തുടങ്ങിയത്. മസ്ജിദുകളും ദര്‍ഗകളും ഉള്‍പ്പെടെ ഒൻപത് ആരാധനാലയങ്ങൾ പൊളിച്ചുനീക്കി . 1200 വര്‍ഷം പഴക്കമുള്ള സംരക്ഷിതസ്മാരകമായ ദര്‍ഗ ഇടിച്ചുനിരത്തിയതായി അഭിഭാഷകനായ അനസ് തൻവീര്‍ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പറഞ്ഞു. പൊളിക്കലിന്റെ വീഡിയോയും അദ്ദേഹം പുറത്തുവിട്ടു. ഹാജി മംഗറോള്‍ ദര്‍ഗ, ഷാ സിലര്‍ ദര്‍ഗ, ഗരിബ് ഷാ ദര്‍ഗ, ജാഫര്‍ മുസാഫര്‍ ദര്‍ഗ എന്നിവ പൊളിച്ചുനീക്കിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുജറാത്ത് ന്യൂനപക്ഷ ഏകോപന സമിതിയും മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന് കത്തയച്ചു.
സംസ്ഥാന റിസര്‍വ് പൊലീസിലെ 788 ഉദ്യോഗസ്ഥര്‍, മൂന്ന് എസ്‌പിമാര്‍, നാല് ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, 12 ഇന്‍സ്‌പെക്‌ടര്‍മാര്‍, 24 സബ് ഇന്‍സ്‌പെക്‌ടര്‍മാര്‍, എഡിഎം തുടങ്ങിയവരുടെ സാന്നിധ്യത്തിലായായിരുന്നു പൊളിക്കല്‍. 135 പേരെ കസ്റ്റഡിയിലും എടുത്തു. 60 കോടി മൂല്യമുള്ള 15 ഹെക്ടര്‍ ഭൂമി തിരിച്ചുപിടിച്ചതായി അധികൃതര്‍ അവകാശപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..