ന്യൂഡൽഹി
ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദേശങ്ങൾ നടപ്പാക്കുന്നത് വൈകിപ്പിക്കുന്ന പശ്‌ചിമബംഗാൾ സർക്കാരിന് സുപ്രീംകോടതിയുടെ വിമർശം. ആശുപത്രികളിൽ ആവശ്യത്തിന് സിസിടിവികൾ സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ള സുരക്ഷാനടപടികൾ വൈകിപ്പിക്കുന്നത് എന്തിനാണെന്ന് ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ബംഗാൾ സർക്കാരിനോട് ചോദിച്ചു. ആർ ജി കർ മെഡിക്കൽകോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗംചെയ്‌ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് അടിയന്തിരനടപടികൾക്ക് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ, നിർദേശിച്ചതിൽ 50 ശതമാനം കാര്യങ്ങൾപോലും ബംഗാൾ സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സിസിടിവികൾ സ്ഥാപിക്കൽ, സ്‌ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്‌ത വിശ്രമമുറി തുടങ്ങിയ നിർദേശങ്ങളാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്.
പ്രളയം ഉൾപ്പടെയുള്ള പ്രതിസന്ധികൾ കാരണം സാധനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടതാണ് കാലതാമസത്തിന് കാരണമെന്ന് ബംഗാൾ സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി അറിയിച്ചു.
ഒക്ടോബർ 15നുള്ളിൽ എല്ലാ ജോലികളും പൂർത്തിയാകുമെന്നും അഭിഭാഷകൻ കോടതിക്ക് ഉറപ്പുനൽകി. ഐപി, ഒപി ഡ്യൂട്ടികൾ ഉൾപ്പടെ എല്ലാ സേവനങ്ങളും നൽകുന്നുണ്ടെന്ന് ബംഗാളിലെ ഡോക്ടർമാരുടെ സംഘടനകൾ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..