ന്യൂഡൽഹി
കിഴക്കൻ ലഡാക്കിലെ ഡെപ്‌സാങ്, ഡെംചോക്ക് പ്രദേശങ്ങളിൽനിന്ന് സേനാപിന്മാറ്റം പൂർത്തിയാക്കിയതിന് പിന്നാലെ ധാരണപ്രകാരമുള്ള ഇന്ത്യൻ സേനയുടെ പട്രോളിങ് തുടങ്ങി. ഇതിന് മുന്നോടിയായി ദീപാവലി ദിനമായ വ്യാഴാഴ്‌ച യഥാർഥ നിയന്ത്രണ രേഖയായ ചുഷുൽ-–-മോൾഡോ അതിർത്തിമേഖലയിൽ ഇരുസേനകളും പരസ്‌പരം മധുരം കൈമാറി സൗഹൃദം പുതുക്കി. മുൻവർഷത്തേപോലെ സാംസ്‌കാരിക പരിപാടികൾ ഇത്തവണ ഉണ്ടായില്ല. പരസ്‌പര വിശ്വാസവും സഹകരണവും വർധിപ്പിക്കുന്നതിന്റെ പ്രതീകമായാണ് എല്ലാ വർഷവും മധുരം കൈമാറുന്നത്.
ഡെപ്‌സാങ്ങിലെ അഞ്ച് പോയിന്റിലും ഡെംചോക്കിൽ രണ്ട് പോയിന്റിലുമാണ് ഇന്ത്യൻ സേന പട്രോളിങ് തുടങ്ങിയത്. ഉഭയകക്ഷി ധാരണപ്രകാരം കിഴക്കൻ ലഡാക്കിൽ നിന്നുള്ള സേന പിന്മാറ്റം ഇരുസേനകളും ബുധനാഴ്‌ച വൈകീട്ട് പൂർത്തിയാക്കിയിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം ആഴ്‌ചയിൽ വ്യത്യസ്‌ത ദിവസങ്ങളിലാണ് ഇരുസേനകളുടെയും പട്രോളിങ് നിശ്ചയിച്ചിരിക്കുന്നത്. ഇരുപതിൽ താഴെ പട്ടാളക്കാർ മാത്രമായി പട്രോളിങ് സംഘങ്ങളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. 1996, 2005 വർഷങ്ങളിൽ ഒപ്പിട്ട കരാർ പ്രകാരം സംഘർഷത്തിൽ തോക്കടക്കം ഉപയോഗിക്കാൻ പാടില്ലന്ന വ്യവസ്ഥയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..