ന്യൂഡൽഹി
വെനസ്വേല പാർലമെന്റ് കരാക്കസിൽ തിങ്കൾ മുതൽ ബുധൻ വരെ സംഘടിപ്പിക്കുന്ന ഫാസിസ്‌റ്റ് വിരുദ്ധ സമ്മേളനത്തിൽ പങ്കെടുക്കാൻ വി ശിവദാസൻ എംപിക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. യാത്രയ്‌ക്ക് രാഷ്‌ട്രീയ കാരണങ്ങളാൽ അനുമതി നൽകുന്നില്ലെന്ന് വിദേശമന്ത്രാലയം അറിയിച്ചതിനെ തുടർന്ന് വി ശിവദാസൻ മന്ത്രി എസ് ജയ്‌ശങ്കറിന് പരാതി നൽകിയിട്ടും കേന്ദ്രനിലപാടിൽ മാറ്റമുണ്ടായില്ല.
ഫാസിസവും നവഫാസിസവും ഇതിന്റെ സമാനരൂപങ്ങളും ലോകത്തെ പല ഭാഗങ്ങളിലും വളർന്നുവരുന്ന സാഹചര്യത്തിൽ നടത്തുന്ന സമ്മേളനത്തിലേക്ക് സിപിഐ എം പ്രതിനിധി എന്ന നിലയിലാണ് വി ശിവദാസനെ വെനസ്വേല പാർലമെന്റ് വൈസ് പ്രസിഡന്റ് പെഡ്രോ ഇൻഫന്റ് ക്ഷണിച്ചത്. വെനസ്വേല അധികൃതർ വിദേശ മന്ത്രാലയത്തിന് നേരിട്ടും കത്ത് നൽകി.
അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കാൻ ബിജെപിയും ആർഎസ്‌എസും തയ്യാറല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് വി ശിവദാസൻ പ്രതികരിച്ചു. വിവിധ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ ഒത്തുചേരുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നെങ്കിൽ ഫാസിസത്തിനും വലതുപക്ഷ തീവ്രവാദത്തിനും എതിരായി ഇടതുപക്ഷ ശബ്ദം പ്രകടിപ്പിക്കാൻ കഴിഞ്ഞേനെ. ഇന്ത്യ മുൻകൈയെടുത്ത് രൂപീകരിച്ച സോളാർ സഖ്യത്തിൽ വെനസ്വേലയുണ്ട്.
ചേരിചേരാ പ്രസ്ഥാനത്തിലും ഇരുരാജ്യവും അംഗങ്ങളാണ്. എന്നിട്ടും വെനസ്വേല സംഘടിപ്പിക്കുന്ന സമ്മേളനത്തിലേക്ക് യാത്രാനുമതി നിഷേധിച്ചു. പാർലമെന്റ് അംഗം എന്ന നിലയിലുള്ള തന്റെ അവകാശം ഹനിക്കപ്പെട്ടതായും വിദേശമന്ത്രിക്ക് നൽകിയ കത്തിൽ വി ശിവദാസൻ ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..