ന്യൂഡൽഹി
ഡൽഹി മദ്യനയക്കേസിൽ എഎപി കമ്യൂണിക്കേഷൻസ് വിഭാഗം മുൻ മേധാവിയും മലയാളിയുമായ വിജയ് നായർക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസുമായി ബന്ധപ്പെട്ട് 23 മാസമായി കസ്‌റ്റഡിയിൽ കഴിയുന്ന വിജയ് നായർക്ക് ജസ്‌റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വിചാരണ കൂടാതെ ഒരാളെ ദീർഘകാലം തടവിലിടുന്നത് ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും നിഷേധമാകുമെന്ന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി നിരീക്ഷിച്ചു.
ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് വിജയ് നായർ സുപ്രീംകോടതിയെ സമീപിച്ചത്. മദ്യനയക്കേ സുകളിൽ പ്രതികളായ എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്‌ജയ് സിങ്, ബിആർഎസ് നേതാവ് കെ കവിത എന്നിവർക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.
വൈഭവ് കുമാറിന് ജാമ്യം
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന വൈഭവ് കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. രാജ്യസഭാ എംപിയായിരുന്ന സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസില്‍ ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറി പദവിയിൽ വീണ്ടും നിയമിക്കരുത്, മുഖ്യമന്ത്രിയുടെ വസതിയിൽ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. മെയ് 13ന് കെജ്‌രിവാളിന്റെ വസതിയിൽ വെച്ച് വൈഭവ്‌കുമാർ മർദിച്ചെന്നാണ് മലിവാളിന്റെ ആരോപണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..