03 December Tuesday

കാർഷിക മേഖല 
സ്‌തംഭനാവസ്ഥയിലെന്ന്‌ 
ഉന്നതാധികാര സമിതി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2024


ന്യൂഡൽഹി
പഞ്ചാബ്‌, ഹരിയാന സംസ്ഥാനങ്ങളിലെ കാർഷികോൽപ്പാദനം മൂന്നു പതിറ്റാണ്ടായി സ്‌തംഭനാവസ്ഥയിലാണെന്നും കർഷകരുടെ കടം വൻതോതിൽ പെരുകിയെന്നും സുപ്രീംകോടതി നിയമിച്ച ഉന്നതാധികാര സമിതിയുടെ ഇടക്കാല റിപ്പോർട്ട്‌. കാർഷിക പ്രതിസന്ധി രൂക്ഷമാണ്. 2022–--23ൽ പഞ്ചാബിലെ കർഷകരുടെ ബാങ്കുകടം 73,673 കോടി രൂപയാണ്‌. ഹരിയാനയിൽ ഇത്‌ 76,630 കോടിയും. മറ്റ്‌  ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള കടവുമുണ്ട്‌. 30 വർഷത്തിനിടെ രാജ്യത്ത്‌ നാലുലക്ഷം കർഷകർ ആത്മഹത്യ ചെയ്‌തു. 2000–15ൽ പഞ്ചാബിൽ 16,606 കർഷകർ ജീവനൊടുക്കി. കാർഷിക സംസ്ഥാനങ്ങളുടെ പട്ടികയിൽ 2023ൽ പഞ്ചാബ്‌ 20-–-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

2018-–-19ലെ കേന്ദ്രസർക്കാർ കണക്ക്‌ പ്രകാരം രാജ്യത്തെ കാർഷിക കുടുംബാംഗങ്ങളുടെ ശരാശരി പ്രതിമാസ വരുമാനം 10,218 രൂപമാത്രം. പ്രതിദിനം ശരാശരി 340 രൂപ.      ശംഭു അതിർത്തിയിലെ കർഷക പ്രക്ഷോഭം പരിഹരിക്കാനുള്ള നിർദേശങ്ങൾ കണ്ടെത്താൻ പഞ്ചാബ് –-ഹരിയാന ഹൈക്കോടതി മുൻ ജഡ്‌ജി നവാബ് സിങ്ങിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതിയാണ്‌ റിപ്പോർട്ട്‌ സമർപ്പിച്ചത്‌. കർഷക സംഘടനകൾ ആവശ്യപ്പെടുന്ന മിനിമം താങ്ങുവിലയ്‌ക്കുള്ള നിയമപരിക്ഷ എന്ന ആവശ്യം ഗൗരവമായി പരിശോധിക്കുമെന്നും സമിതി വ്യക്തമാക്കി. കാതലായ പ്രശ്‌നങ്ങളാണ്‌ സമിതി ഉയർത്തിയതെന്നും അവയുടെ വിശദാംശങ്ങളിലേയ്‌ക്ക്‌ പോകേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച്‌  പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top