22 December Sunday

മാധബി പുരി ബുച്ചിന്‌ ഐസിഐസിഐ ബാങ്കിൽനിന്ന്‌ പ്രതിഫലം ; സെബി മേധാവിക്കെതിരെ 
വീണ്ടും ആരോപണം

പ്രത്യേക ലേഖകൻUpdated: Wednesday Sep 4, 2024


ന്യൂഡൽഹി
സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യയിൽ ചുമതലയേറ്റശേഷം മാധബി പുരി ബുച്ചിന്‌ ഐസിഐസിഐ ബാങ്കിൽനിന്ന്‌ 16.80 കോടി രൂപ പ്രതിഫലം ലഭിച്ചെന്ന് ആരോപണം. 2017 മുതൽ മാധബി ബുച്ചിന്‌ ഐസിഐസിയിൽനിന്ന്‌ പണം  കിട്ടുന്നുണ്ടെന്നും ഇക്കാലയളവിൽ സെബിയിൽനിന്ന്‌ അവർക്ക്‌ ലഭിച്ചതിന്റെ അഞ്ചിരട്ടിയാണ്‌ ഈ തുകയെന്നും കോൺഗ്രസ്‌ നേതാവ്‌ പവൻഖേര ആരോപിച്ചു. എന്നാൽ മാധബിക്ക്‌ വിരമിക്കൽ ആനുകൂല്യങ്ങൾ അല്ലാതെ മറ്റൊന്നും നൽകിയിട്ടില്ലെന്ന്‌ ഐസിഐസിഐ ബാങ്ക്‌ നിഷേധക്കുറിപ്പിൽ പറഞ്ഞു.

സെബിയിൽ പ്രവർത്തിക്കുന്നവർ മറ്റേതെങ്കിലും സ്ഥാപനത്തിൽനിന്ന്‌ പ്രതിഫലം വാങ്ങുന്നത്‌ സേവന ചട്ടങ്ങൾക്ക്‌ എതിരും  ഭിന്നതാൽപര്യവുമാണെന്ന്‌ പവൻ ഖേര പറഞ്ഞു. 2017 മുതൽ 2021 വരെ സെബിയിൽ പൂർണസമയ ഡയറക്ടർ ആയിരുന്നപ്പോൾ മാധബിക്ക്‌ ഐസിഐസിഐ ബാങ്കിൽനിന്ന്‌ ശമ്പളമായി 12.63 കോടി രൂപ ലഭിച്ചു. 2017–- 2014ൽ ഐസിഐസിഐ പ്രൂഡൻഷ്യലിൽനിന്ന്‌ ഇവർക്ക്‌ 22. 41 ലക്ഷം രൂപയും കിട്ടി. 2021–-2023ൽ മാധബിക്ക്‌ ഐസിഐസിഐ ബാങ്കിന്റെ 2.84 കോടി രൂപയുടെ ഓഹരികൾ ജീവനക്കാർക്ക്‌ നൽകുന്ന ആനുകൂല്യഇനത്തിൽ കൈമാറി. ഇതിന്റെ ടിഡിഎസ്‌(തൊഴിലുടമ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന്‌ ഈടാക്കി അടയ്‌ക്കുന്ന ആദായ നികുതി) ആയ 1.10 കോടി രൂപയും ബാങ്കാണ്‌ അടച്ചത്‌. ഈ നടപടി ഗുരുതര ചട്ട ലംഘനമാണ്‌. മാധബി 2006–-2011 കാലത്താണ്‌ ഐസിഐസിയിൽ ഉണ്ടായിരുന്നത്‌. പിന്നീട്‌ വിദേശത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌തുവരവെയാണ്‌ 2017ൽ സെബിയിൽ നിയമിതയായത്‌. 

അദാനി ഗ്രൂപ്പ്‌ തലവൻ ഗൗതം അദാനിയുടെ സഹോദരൻ വിനോദ്‌ അദാനി വിദേശത്തെ കള്ളപ്പണ നിക്ഷേപകേന്ദ്രങ്ങളിൽ രജിസ്‌റ്റർ ചെയ്‌ത നിഴൽ കമ്പനികളിൽ മാധബിയും ഭർത്താവ്‌ ധാവൽ ബുച്ചും പണം നിക്ഷേപിച്ചിട്ടുണ്ടെന്ന്‌ ഹിൻഡൻബർഗ്‌ റിസർച്ച്‌ റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top