ന്യൂഡൽഹി
ഭർതൃ ബലാത്സംഗങ്ങൾ ക്രിമിനൽ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. വിവാഹിതരായ സ്‌ത്രീകളെ സംരക്ഷിക്കാൻ മറ്റ് നിയമങ്ങൾ നിലവിലുണ്ട്. ഭർതൃ ബലാത്സംഗങ്ങൾ കുറ്റകരമാക്കിയാൽ സാമൂഹ്യ, നിയമ മണ്ഡലങ്ങളിൽ ദൂരവ്യാപകപ്രത്യാഘം ഉണ്ടാകുമെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. 2013ൽ ഐപിസിയിൽ ഭേദഗതികൾ കൊണ്ടുവന്നപ്പോൾ വിഷയം സൂക്ഷ്‌മമായി പരിശോധിച്ച പാർലമെന്റ് അതിൽ ഇടപെടേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഈ നിലപാട് മാറ്റുന്നത് വിവാഹമെന്ന സാമൂഹ്യസ്ഥാപനത്തെ ബാധിക്കും. ഭർതൃ ബലാത്സംഗങ്ങൾ കുറ്റകൃത്യമാക്കിയാൽ അത് വ്യാപകമായി ദുരുപയോഗിക്കപ്പെടാം. ശാരീരികബന്ധത്തിന് സമ്മതമുണ്ടായിരുന്നോ ഇല്ലയോ തുടങ്ങിയ കാര്യങ്ങളിൽ വലിയ തർക്കങ്ങളും ആശയകുഴപ്പങ്ങളും ഉണ്ടാകാം.
ദാമ്പത്യബന്ധങ്ങൾ ശിഥിലമാകാനുള്ള സാധ്യതകൾ പലമടങ്ങ് വർദ്ധിക്കും–- കേന്ദ്രസർക്കാർ പറഞ്ഞു. ഹർജികളിൽ ഉന്നയിച്ചിട്ടുള്ള പ്രശ്‌നം കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന വാദവും കേന്ദ്രം ഉന്നയിച്ചിട്ടുണ്ട്. തീരുമാനമെടുക്കാൻ എല്ലാ സംസ്ഥാനങ്ങളുമായും കൂടിയാലോചന നടത്തണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ബലാത്സംഗം കുറ്റകരമാക്കുന്ന ഐപിസി 375–-ാം വകുപ്പിൽനിന്നും വിവാഹബന്ധം ഒഴിവാക്കിയിട്ടുള്ളത് നിയമപരമായി ചോദ്യം ചെയ്‌തുള്ള ഹർജികളിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടിയിരുന്നു. ഡൽഹി ഹൈക്കോടതി വിഷയത്തിൽ ഭിന്നവിധി പുറപ്പെടുവിച്ചതിനെ തുടർന്നാണ് കേസ് സുപ്രീംകോടതിയിലെത്തിയത്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..