23 December Monday

പട്ടികജാതി ഉപവർഗീകരണം ; പുനഃപരിശോധനാ 
ഹർജികൾ തള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024


ന്യൂഡൽഹി
പട്ടികജാതികളിൽ ഉപവർഗീകരണം നടത്താൻ സംസ്ഥാനങ്ങൾക്ക്‌ അധികാരമുണ്ടെന്ന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ തള്ളി സുപ്രീംകോടതി. ആഗസ്‌ത്‌ ഒന്നിന്‌ സുപ്രീംകോടതിയുടെ ഏഴംഗഭരണഘടനാബെഞ്ച്‌ 6:1 ഭൂരിപക്ഷത്തിൽ പട്ടികജാതികളിൽ ഉപവർഗീകരണം ആകാമെന്ന വിധി പുറപ്പെടുവിച്ചിരുന്നു.

‘ ഈ കോടതിയുടെ മുൻ ഉത്തരവിൽ നിയമപരമായ പിശകുകൾ ഇല്ലാത്തതിനാൽ പുനഃപരിശോധന ഹർജികൾ തള്ളുന്നു’–- ചേംബറിൽ ഹർജികൾ പരിഗണിച്ചശേഷം സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു.  പട്ടികജാതിയിലെ തന്നെ കൂടുതൽ പരിഗണന ആവശ്യമുള്ള വിഭാഗങ്ങളെ പിന്തുണയ്‌ക്കാനായി ഉപവർഗീകരണം നടത്തുന്നത്‌ നിയമപരമായി ശരിയാണെന്ന്‌ ആയിരുന്നു ഭരണഘടനാബെഞ്ചിന്റെ  കണ്ടെത്തൽ. പട്ടികജാതിക്കുള്ളിൽ കൂടുതൽ പിന്നോക്കാവസ്ഥയിലുള്ളവർ നിലവിലുണ്ട്‌. അവരെ സഹായിക്കാനുള്ള ഇടപെടലുകൾ നടത്താൻ സംസ്ഥാനങ്ങൾക്ക്‌ അധികാരമുണ്ട്‌. അതേസമയം, ആധികാരികമായ പഠനറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വേണം സംസ്ഥാനങ്ങൾ ഉപവർഗീകരണം നടത്തേണ്ടതെന്നും നിർദേശിച്ചു. പട്ടികജാതിയിലെ ഏതെങ്കിലും ഉപവിഭാഗത്തിന്‌ മാത്രം 100 ശതമാനം സംവരണം അനുവദിക്കരുത്‌. വിധിക്കെതിരെ നിരവധി പട്ടികജാതി സംഘടനകൾ രംഗത്തെത്തി. ഈ സാഹചര്യത്തിൽ, പട്ടികവിഭാഗങ്ങളുടെ സംവരണത്തിന്‌ മേൽത്തട്ട്‌ ഏർപ്പെടുത്തണമെന്ന കോടതിയുടെ ശുപാർശ നടപ്പാക്കില്ലെന്ന്‌ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top