ന്യൂഡൽഹി
മഹാരാഷ്‌ട്ര മുഖ്യമന്ത്രിയെ ബിജെപി ബുധനാഴ്‌ച പ്രഖ്യാപിക്കും. പകൽ 11ന് മുംബൈയിൽ പാർടി എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കേന്ദ്രനിരീക്ഷകരായ നിർമല സീതാരാമൻ, വിജയ് രൂപാണി എന്നിവർ ദേവേന്ദ്ര ഫഡ്‌നാവിസിന് പകരം പുതുമുഖത്തിന്റെ പേര് അവതരിപ്പിക്കുമെന്നാണ് സൂചന. മറാഠ വിഭാഗത്തിന്റെ കടുത്ത എതിർപ്പ് നേരിടുന്ന ഫഡ്‌നാവിസിന് സാമുദായിക സമവാക്യം മുൻനിർത്തി മുന്നാംമൂഴം നൽകിയേക്കില്ല. കേന്ദ്രസഹമന്ത്രി മുരളീധർ മൊഹോളിന്റെ പേരാണ് കേൾക്കുന്നത്.
മുഖ്യമന്ത്രി പദവിയില്ലന്ന് ഉറപ്പായതോടെ കാവൽമുഖ്യമന്ത്രി കൂടിയായ ഷിൻഡെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ്.
സത്യപ്രതിജ്ഞ ഏകപക്ഷീയമായി ബിജെപി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് ഷിൻഡെയെ ചൊവ്വാഴ്‌ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ അണുബാധയും തൊണ്ടവേദനയുമാണെന്നാണ് ശിവസേനയുടെ വിശദീകണം. മഹായുതിയുടെ രണ്ടു യോഗങ്ങളിലും പങ്കെടുത്തില്ല.
കേന്ദ്രമന്ത്രിപദവിയും അദ്ദേഹം നിരസിച്ചെന്നാണ് റിപ്പോര്‍ട്ട്. സർക്കാരിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന നിലപാട് ഷിൻഡെ അറിയിച്ചുവെന്ന് അദ്ദേഹത്തിന്റെ വിശ്വസ്‌തൻ ഭരത് ഗോഗവാലെ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷനുമായി കൂടിക്കാഴ്‌ച നടത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..