ന്യൂഡൽഹി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ചെലവിടുന്നത് മൊത്തം ആഭ്യന്തര വരുമാനത്തിന്റെ(ജിഡിപി) 0.4 ശതമാനം മാത്രം. മറ്റ് മന്ത്രാലയങ്ങൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പരിശീലനം, ഗവേഷണം, വികസനം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നതും വിദ്യാഭ്യാസത്തിനായുള്ള മൊത്തം ചെലവിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. വി ശിവദാസന് രാജ്യസഭയിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നൽകിയ മറുപടിയിലാണ് ഈ വിവരം. സംസ്ഥാനങ്ങൾ എല്ലാം ചേർന്ന് ദേശീയ ജിഡിപിയുടെ 3.1 ശതമാനം വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നു. ഇത് വിദ്യാഭ്യാസത്തിനായുള്ള മൊത്തം ചെലവിന്റെ 75 ശതമാനമാണ്. 2021-–-22 മുതൽ 2023–--24 വരെ ബജറ്റ് വിഹിതത്തിൽ 30,324 കോടി രൂപ ചെലവഴിച്ചില്ലെന്നും മറുപടിയിൽ വ്യക്തം.
സിഎസ്ഐആർ ഫെലോഷിപ്പുകൾ ഓരോ വർഷവും വെട്ടിക്കുറയ്‌ക്കുന്നതായി വി ശിവദാസൻ ആദ്യ അനുബന്ധ ചോദ്യത്തിൽ ചൂണ്ടിക്കാട്ടി. പ്രധാന ചോദ്യവുമായി ബന്ധമില്ലെന്നും ആവശ്യമായ വിവരം തന്റെ പക്കലില്ലെന്നും പറഞ്ഞ് മന്ത്രി ഒഴിഞ്ഞു മാറി. കേന്ദ്രാവിഷ്‌കൃത സാങ്കേതിക സ്ഥാപനങ്ങളിൽ ഗേറ്റ് പരീക്ഷ പാസായവർക്കുള്ള എംടെക് സ്‌കോളർഷിപ്പ് പ്രതിമാസം 12,400 രൂപയാണെന്ന് രണ്ടാം അനുബന്ധ ചോദ്യത്തിൽ ശിവദാസൻ ചൂണ്ടിക്കാട്ടി. 2014 നവംബറിലാണ് ഇത് അവസാനമായി പരിഷ്‌കരിച്ചത്. സ്‌കോളർഷിപ്പ് തുക കാലാനുസൃതമായി പുതുക്കുമോ എന്ന ചോദ്യത്തിനും വിവരം ശേഖരിക്കാൻ മന്ത്രി സമയം ആവശ്യപ്പെട്ടു. വിദ്യാഭ്യാസത്തിന് ബജറ്റിൽ വകയിരുത്തിയ തുക പോലും സർക്കാർ ചെലവഴിക്കാത്തത് ക്രൂരതയാണെന്ന് വി ശിവദാസൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..