22 November Friday

പീഡനക്കേസ്‌; ജാനി മാസ്റ്റർക്ക്‌ പ്രഖ്യാപിച്ച ദേശീയ അവാർഡ്‌ റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

ന്യൂഡൽഹി > സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ തെലുങ്ക് നൃത്തസംവിധായകൻ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റർക്ക്‌ പ്രഖ്യാപിച്ച ദേശീയ അവാർഡ്‌ റദ്ദാക്കി.  ‘തിരുചിട്രമ്പലം' എന്ന ചിത്രത്തിലെ  ‘മേഘം കറുക്കാത' പാട്ടിന്റെ സംവിധാനത്തിനായിരുന്നു ജാനി മാസ്റ്റര്‍ക്ക് ദേശിയ അവാര്‍ഡ് ലഭിച്ചത്.

വെള്ളിയാഴ്‌ചയാണ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അവാര്‍ഡ് റദ്ദാക്കിയ വിവരം അറിയിച്ചത്. ഇതോടൊപ്പം ഒക്‌ടോബർ എട്ടിന്‌ നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിനുള്ള ഷൈഖ് ജാനി ബാഷയുടെ ക്ഷണം പിൻവലിക്കുകയും ചെയ്തു.

ദേശീയ അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ജാനി മാസ്റ്റര്‍ ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയതിന്‌ പിന്നാലെയാണ്‌ ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ അവാർഡ്‌  റദ്ദാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്‌.

സഹപ്രവർത്തകയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയിലാണ് ജാനി മാസ്റ്ററെ അറസ്റ്റ്‌ ചെയ്യുന്നത്‌. ഒളിവിലായിരുന്ന ഇയാളെ ​ഗോവയിൽ വെച്ച്‌ സെ്‌തംബർ 19ന്‌ സൈബരാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ടീം അറസ്റ്റ് ചെയ്യുകയായിരുന്നു.

ഈ മാസം 16-നാണ് ജാനി മാസ്റ്റർക്കെതിരെ യുവതി ലൈം​ഗിക പീഡനാരോപണവുമായി രം​ഗത്തെത്തിയത്. സിനിമ ചിത്രീകരണത്തിനിടെ ചെന്നെെ, മുംബെെ, ഹെെദരാബാദ് മുതലായ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.  സംഭവം നടക്കുമ്പോൾ യുവതിക്ക് 16 വയസേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ പൊലീസ് പോക്സോ കേസ് ചുമത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top