21 November Thursday
വിചാരണയ്‌ക്കിടെ കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന റിപ്പോർട്ടിങ്‌ വേണ്ട

മാധ്യമ വിചാരണ വേണ്ട ; മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ല : ഹൈക്കോടതി

സ്വന്തം ലേഖികUpdated: Friday Nov 8, 2024


കൊച്ചി
മാധ്യമസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്നും നിയന്ത്രിക്കാനാകില്ലെന്നും ഹൈക്കോടതി. മാധ്യമങ്ങൾ സമൂഹത്തോട്‌ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നതാണ് അഭികാമ്യമെന്ന്‌ അഞ്ചംഗ വിശാല ബെഞ്ച് വ്യക്തമാക്കി. മാധ്യമസ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കണമെന്നും കോടതി നടപടികൾ റിപ്പോർട്ട്‌ ചെയ്യുന്നത് നിയന്ത്രിക്കണമെന്നുമുള്ള ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്. മാധ്യമപ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ വേണമെന്ന ആവശ്യം അംഗീകരിച്ചില്ല.

ക്രിമിനൽ കേസുകളിൽ കോടതികളാണ് വ്യക്തി കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്. ഒരാളെ കുറ്റക്കാരനെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയിൽ റിപ്പോർട്ട് ചെയ്യുന്നത് മാധ്യമങ്ങൾ ഒഴിവാക്കണം. എന്നാൽ, വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ മാധ്യമങ്ങളിൽനിന്ന്‌ ഉണ്ടായാൽ കോടതിയെ സമീപിക്കാനുള്ള അവകാശമുണ്ട്. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻനമ്പ്യാർ, കൗസർ എടപ്പഗത്ത്‌, സി എസ് സുധ, മുഹമ്മദ് നിയാസ്, വി എം ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് വിധി.

ഭരണഘടനയുടെ 19 (1) എ അനുഛേദം വഴി മാധ്യമങ്ങൾക്ക് കൈവരുന്ന അഭിപ്രായസ്വാതന്ത്ര്യവും മറ്റുള്ളവർക്കുള്ള അവകാശങ്ങളും ഇരുകൂട്ടരുടെയും കടമകളും പരസ്പരപൂരകങ്ങളാണ്. വിചാരണ നടക്കുന്ന കേസുകളിൽ മാധ്യമങ്ങൾ തീർപ്പുകൽപ്പിച്ചാൽ ഭരണഘടനാപരമായി മാധ്യമസ്വാതന്ത്ര്യത്തിന് നൽകുന്ന പരിരക്ഷ ലഭിക്കില്ല. ജനങ്ങളെ സത്യം അറിയിക്കാനുള്ള മാധ്യമങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുമ്പോൾത്തന്നെ സുതാര്യമായ വിചാരണയ്ക്കുള്ള അവകാശം കുറ്റാരോപിതനുമുണ്ട്‌.

മുഖ്യവിധിന്യായത്തോട് യോജിച്ച് ജസ്റ്റിസുമാരായ കൗസർ എടപ്പഗത്ത്, മുഹമ്മദ് നിയാസ്, വി എം ശ്യാംകുമാർ എന്നിവർ പ്രത്യേക വിധിന്യായങ്ങൾ പുറപ്പെടുവിച്ചു. ജസ്റ്റിസ് സി എസ് സുധയും വിധിന്യായത്തോട് യോജിച്ചു. വാർത്തകളുടെ സത്യസന്ധത ഉറപ്പാക്കണമെന്നുള്ള മറ്റു ആവശ്യങ്ങളിൽ കോടതി ഇടപെട്ടില്ല. മാധ്യമനിയന്ത്രണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ മാനേജിങ്‌ ട്രസ്റ്റിയുമായ ഡിജോ കാപ്പനാണ് 2014ൽ കോടതിയെ സമീപിച്ചത്. പിന്നീട് അഭിഭാഷകരും മാധ്യമപ്രവർത്തകരുമായുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഹർജികൾ എത്തുകയായിരുന്നു. ഹർജികൾ മൂന്നംഗ ഫുൾ ബെഞ്ച് പരിഗണിച്ചശേഷം വിശാല ബെഞ്ചിന് വിടുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top