22 December Sunday

ബുദ്ധദേബ്‌ അതുല്യ സംഭാവന നൽകിയ 
നേതാവ്‌: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024


ന്യൂഡൽഹി
പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും പ്രമുഖ സിപിഐ എം നേതാവുമായ ബുദ്ധദേബ്‌ ഭട്ടാചാര്യയുടെ വിയോഗത്തിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അഗാധ ദുഃഖം രേഖപ്പെടുത്തി. വിദ്യാർഥിയായിരിക്കെ 1966ൽ പാർടിയിൽ ചേർന്ന ബുദ്ധദേബ്‌ നിരവധി വിദ്യാർഥി, യുവജനപ്രക്ഷാേഭങ്ങളിൽ പങ്കാളിയായി. 1968ൽ പശ്‌ചിമ ബംഗാൾ ജനാധിപത്യ യുവജന ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയായി. 1971ൽ സിപിഐ എം സംസ്ഥാന സമിതിയിൽ. 1982 മുതൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം.  അർപ്പണബോധത്തോടെ നിരവധി ഉത്തരവാദിത്വങ്ങൾ നിറവേറ്റിയ അദ്ദേഹം പ്രധാനപ്പെട്ട നേതാവായി ഉയർന്നു. 1985ൽ 12–-ാം പാർടി കോൺഗ്രസിൽ ബുദ്ധദേബ്‌ കേന്ദ്രകമ്മിറ്റി അംഗമായി. 2000മുതല്‍ 2015 വരെ പിബി അംഗമെന്ന നിലയിൽ പാർടിനയം രൂപീകരിക്കുന്നതിൽ വലിയ പങ്ക്‌ വഹിച്ചു.

മൂന്നുപതിറ്റാണ്ടോളം ഇടതുമുന്നണി സർക്കാരുകളിൽ മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ സവിശേഷമായ കർത്തവ്യങ്ങൾ വഹിച്ചു. 2000 നവംബറിൽ ജ്യോതി ബസുവിനുശേഷം മുഖ്യമന്ത്രിയായ ബുദ്ധദേബ്‌ പിന്നീട്‌ രണ്ട്‌ തവണകൂടി ആ പദവി വഹിച്ചു. 

ഇടതുമുന്നണി സർക്കാരിന്റെ നയങ്ങളും സമീപനങ്ങളും രൂപപ്പെടുന്നതിൽ നിർണായക ഭാഗമായി. സാംസ്‌കാരിക സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിലും പുരോഗമന സാംസ്‌കാരികമൂല്യങ്ങൾ നിലനിർത്തുന്നതിലും പ്രധാനപ്പെട്ട ഇടപെടലുകൾ നടത്തി.  കവിയും നാടകകൃത്തും എഴുത്തുകാരനുമായിരുന്നു. പല അന്താരാഷ്ട്ര സാഹിത്യകൃതികളും ബംഗാളിഭാഷയിലേക്ക്‌ വിവർത്തനം ചെയ്‌തു. ചൈനയിലെ മാറ്റങ്ങളെ കുറിച്ച്‌ നിരന്തരം എഴുതിയ അദ്ദേഹം ആ വിഷയത്തിൽ പുസ്‌തകവും രചിച്ചു. അർപ്പണബോധമുള്ള കമ്യൂണിസ്‌റ്റെന്ന നിലയിൽ ലളിതജീവിതം നയിച്ച ബുദ്ധദേബ്‌ മുഖ്യമന്ത്രിയായിരുന്ന കാലത്തും ആർഭാടങ്ങൾ തൊട്ടുതീണ്ടാത്ത രണ്ടുമുറി വസതിയിലാണ്‌ കഴിഞ്ഞത്‌. അദ്ദേഹത്തിന്റെ വിയോഗത്തോടെ ബംഗാളിലെ കമ്യൂണിസ്‌റ്റ്‌, ഇടതുപ്രസ്ഥാനങ്ങളുടെ ഒരധ്യായമാണ്‌ അവസാനിച്ചത്‌. അദ്ദേഹത്തിന്റെ സ്‌മരണകൾക്ക്‌ വിപ്ലവാഭിവാദ്യങ്ങൾ. ഭാര്യ മീരയ്‌ക്കും മകൻ സുചേതനും പിബി അനുശോചനം അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top