08 November Friday

ഡിആർഐ ഉദ്യോഗസ്ഥർക്കും തീരുവ ഈടാക്കാം ; മുൻ ഉത്തരവ്‌ റദ്ദാക്കി സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024


ന്യൂഡൽഹി
ഡയറക്‌ടറേറ്റ്‌ ഓഫ്‌ റവന്യു ഇന്റലിജൻസ്‌ (ഡിആർഐ) ഉദ്യോഗസ്ഥർക്ക്‌ കസ്റ്റംസ്‌ ആക്‌റ്റ്‌ പ്രകാരം കാരണം കാണിക്കൽ നോട്ടീസ്‌ അയക്കാനും തീരുവ ഈടാക്കാനും അധികാരമുണ്ടെന്ന്‌ സുപ്രീംകോടതി. കാനൺ ഇന്ത്യാ ലിമിറ്റഡ്‌ കേസിലെ മുൻ ഉത്തരവ്‌ റദ്ദാക്കിയാണ്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്‌. 1962ലെ കസ്റ്റംസ്‌ ആക്‌റ്റിലെ 28–-ാം വകുപ്പ്‌ അനുസരിച്ച്‌ ഷോകോസ്‌ നോട്ടീസ്‌ അയക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥരുടെ ഗണത്തിൽ ഡിആർഐ ഉദ്യോഗസ്ഥരും ഉൾപ്പെടുമെന്ന്‌ ജസ്റ്റിസുമാരായ ജെ ബി പർധിവാല, മനോജ്‌ മിശ്ര എന്നിവർകൂടി അംഗമായ ബെഞ്ച്‌ ഉത്തരവിട്ടു.

ഈ ഉത്തരവ്‌ 23,000 കോടിയോളം വരുന്ന നികുതി ഈടാക്കൽ കേസുകളുമായി മുന്നോട്ടുപോകാൻ കേന്ദ്രസർക്കാരിന്‌ വഴിയൊരുക്കും. കാനൺ, വേദാന്ത, അദാനി എന്റർപ്രൈസസ്‌, വൊഡാഫോൺ–- ഐഡിയ, ടിവിഎസ്‌ തുടങ്ങിയ പ്രമുഖ കമ്പനികളോട്‌ കസ്റ്റംസ്‌ തീരുവ ആവശ്യപ്പെട്ട്‌ ഡിആർഐ നോട്ടീസ്‌ അയച്ചിരുന്നു. ഇത്‌ ചോദ്യം ചെയ്‌തുള്ള ഹർജിയിലാണ്‌ ഡിആർഐ ഉദ്യോഗസ്ഥർക്ക്‌ ഈ അധികാരമില്ലെന്ന്‌ മുൻ ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടത്‌.  ഇതിനെതിരെ കസ്റ്റംസാണ്‌ പുനഃപരിശോധനാഹർജി നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top