23 November Saturday

സര്‍ക്കാര്‍ ജോലി ; യോഗ്യതാ മാനദണ്ഡം ഇടയ്‌ക്ക്‌ മാറ്റാനാകില്ല : സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024


ന്യൂഡൽഹി
സർക്കാർ തസ്‌തികകളിലെ നിയമനങ്ങൾക്കുള്ള യോഗ്യതാ മാനദണ്ഡം നിയമന നടപടികൾക്കിടെ മാറ്റാൻ കഴിയില്ലെന്ന്‌ സുപ്രീംകോടതി. നിയമനപ്രക്രിയയുടെ തുടക്കത്തിൽ നിശ്ചയിക്കുന്ന യോഗ്യതാ മാനദണ്ഡം നിയമന പ്രക്രിയ തുടങ്ങിയശേഷം മാറ്റാനാവില്ല. മാനദണ്ഡം മാറ്റാമെന്ന്‌ വ്യവസ്ഥയുണ്ടെങ്കിലും ഏകപക്ഷീയമായി നടപ്പാക്കരുത്‌. തുല്യതയ്‌ക്കുള്ള അവകാശം, സർക്കാർ ജോലികളിൽ വിവേചനം ഉണ്ടാകാൻ പാടില്ലെന്ന ഉറപ്പ്‌ തുടങ്ങി ഭരണഘടനാദത്തമായ അവകാശങ്ങൾ കൂടി കണക്കിലെടുക്കണം–- ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ഭരണഘടനാബെഞ്ച്‌ വിധിച്ചു.

സർക്കാർ തസ്‌തികകളിലേക്കുള്ള നിയമനപ്രകിയ തുടങ്ങിയശേഷം യോഗ്യതാമാനദണ്ഡം മാറ്റാൻ അധികൃതർക്ക്‌ അവകാശമുണ്ടോയെന്ന നിയമപ്രശ്‌നമാണ്‌ ഭരണഘടനാബെഞ്ച്‌ പരിശോധിച്ചത്‌. കെ മഞ്‌ജുശ്രീ കേസിൽ (2008) ഇത്തരത്തിൽ മാറ്റങ്ങൾ വരുത്താനാവില്ലെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ആ ഉത്തരവ്‌ തിരുത്തേണ്ട സാഹചര്യമില്ലെന്ന്‌ ഭരണഘടനാ ബെഞ്ച്‌ നിരീക്ഷിച്ചു.

അതേസമയം, സെലക്‌ഷൻ പട്ടികയിൽ പേരുണ്ടായത്‌ കൊണ്ടുമാത്രം ഒരാൾക്ക്‌ നിയമനം ലഭിക്കാൻ അവകാശമില്ലെന്നും ഭരണഘടനാബെഞ്ച്‌ ഉത്തരവിൽ പറഞ്ഞു. രാജസ്ഥാൻ ഹൈക്കോടതിയിൽ 13 വിവർത്തകർക്കുള്ള തസ്‌തികകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ്‌ കേസിന്‌ അടിസ്ഥാനം. 21 പേരെ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും നിയമിച്ചത് മൂന്ന്‌ പേരെ മാത്രം. 75 ശതമാനം മാർക്ക് നേടിയവരെ മാത്രം നിയമിച്ചാൽ മതിയെന്ന ഹൈക്കോടതി ചീഫ്‌ ജസ്റ്റിസിന്റെ നിർദേശാനുസരണമാണ്‌ ബാക്കിയുള്ളവരെ ഒഴിവാക്കിയത്‌. ഹൈക്കോടതി ആദ്യം പുറപ്പെടുവിച്ച  വിജ്ഞാപനത്തിൽ 75 ശതമാനം മാനദണ്ഡം പരാമർശിച്ചിട്ടില്ലെന്ന്‌ ചൂണ്ടിക്കാട്ടി നിയമനം നിഷേധിക്കപ്പെട്ടവർ കോടതിയെ സമീപിക്കുകയായിരുന്നു. 2023 മാർച്ചിൽ കേസ്‌ പരിഗണിച്ച സുപ്രീംകോടതി വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിടുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top