18 December Wednesday

സ്ഥാനക്കയറ്റത്തിന്‌ സംവരണം മൗലികാവകാശമല്ല: സുപ്രീംകോടതി

സ്വന്തം ലേഖകൻUpdated: Sunday Feb 9, 2020

ന്യൂഡൽഹി > സർക്കാർ തസ്‌തികകളിൽ സ്ഥാനക്കയറ്റത്തിന്‌ സംവരണം നൽകേണ്ട ബാധ്യത സംസ്ഥാനസർക്കാരുകൾക്ക്‌ ഇല്ലെന്ന്‌ സുപ്രീംകോടതി. സ്ഥാനക്കയറ്റത്തിന്‌ സംവരണം മൗലികാവകാശമല്ല. സംവരണം അനുവദിക്കണമെന്ന്‌ ഉത്തരവ്‌ പുറപ്പെടുവിക്കാൻ കോടതിക്ക്‌ കഴിയില്ലെന്നും ജസ്‌റ്റിസ്‌ എൽ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു.

ഉത്തരാഖണ്ഡ്‌ പൊതുമരാമത്ത്‌ വകുപ്പിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക്‌ സ്ഥാനക്കയറ്റത്തിന്‌ സംവരണം നൽകുന്നതിൽ കണക്കെടുത്തശേഷം തീരുമാനമെടുക്കണമെന്ന്‌ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരായ ഉദ്യോഗാർഥികൾ സമർപ്പിച്ച അപ്പീലുകളാണ്‌ സുപ്രീംകോടതി പരിഗണിച്ചത്‌.

സ്ഥാനക്കയറ്റത്തിന്‌ സംവരണം വേണ്ടെന്ന്‌ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരാഖണ്ഡ്‌ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. അതിനാൽ വീണ്ടും കണക്കെടുക്കണമെന്ന ഹൈക്കോടതി നിർദേശം അനാവശ്യമാണെന്ന്‌ സുപ്രീംകോടതി പറഞ്ഞു. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കും പിന്നോക്കവിഭാഗക്കാർക്കും സംവരണം അനുവദിക്കുന്നത്‌ ഭരണഘടനയുടെ 16 (4) അനുച്ഛേദപ്രകാരമാണ്‌. എന്നാൽ, സ്ഥാനക്കയറ്റത്തിനും സംവരണം നൽകണമെന്ന്‌ പറയുന്നില്ല. ഏതെങ്കിലും വിഭാഗത്തിന്‌ മതിയായ പ്രാതിനിധ്യമില്ലെന്ന്‌  ബോധ്യപ്പെട്ടാൽ സംസ്ഥാനങ്ങൾക്ക്‌ ഉചിതമായ തീരുമാനം എടുക്കാമെന്ന്‌ അനുച്ഛേദത്തിൽ വ്യവസ്ഥയുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top