13 November Wednesday
മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പ്‌ പ്രചാരണം

മോദി വേണ്ടെന്ന്‌ അജിത്‌ പവാർ

സ്വന്തം ലേഖകൻUpdated: Saturday Nov 9, 2024

photo credit:X

ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി തന്റെ മണ്ഡലമായ ബാരാമതിയിൽ വേണ്ടെന്ന്‌ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത്‌ പവാർ. സംസ്ഥാനത്ത്‌ വെള്ളിയാഴ്‌ച മോദി പ്രചാരണം തുടങ്ങിയ ഘട്ടത്തിലുള്ള അജിത്‌ പവാറിന്റെ പ്രസ്‌താവന ഭരണസഖ്യമായ മഹായുതിയിലെ ആഭ്യന്തര കലഹം കൂടുതൽ സങ്കീർണമാക്കി. മൻഖുർദ്-–- ശിവാജി നഗർ മണ്ഡലത്തിലെ എൻസിപി സ്ഥാനാർഥി നവാബ്‌ മാലിക്കിന്റെ പ്രചാരണ യോഗത്തിലാണ്‌ അജിത്‌ പവാറിന്റെ പ്രഖ്യാപനം. നവാബ്‌ മാലിക്കിന്‌ പിന്തുണ നൽകില്ലെന്ന്‌ ബിജെപി പ്രഖ്യാപിച്ചിരുന്നു. മോദിയുടെ ചിത്രം പ്രചാരണത്തിന്‌ ഉപയോഗിക്കില്ലെന്ന്‌ നവാബ്‌ മാലിക്കും തിരിച്ചടിച്ചിരുന്നു.

ബാരാമതിയിൽ കുടുംബ പോരാട്ടമാണെന്നാണ്‌ മോദി റാലി വേണ്ടന്ന്‌ വെയ്‌ക്കാനുള്ള കാരണമായി അജിത്‌ പവാർ പറയുന്നത്‌. എന്നാൽ മറ്റ്‌ എൻസിപി സ്ഥാനാർഥികളും അമിത്‌ ഷാ അടക്കമുള്ള  ബിജെപി നേതാക്കളുടെ റാലി ആവശ്യപ്പെട്ടിട്ടില്ലല്ലോ എന്ന ചോദ്യത്തിന്‌ മറുപടി നൽകാൻ അജിത്‌ തയ്യാറായില്ല. ശരദ്‌ പവാറിന്റെ കോട്ടയായ ബാരാമതിയിൽ അനന്തരവനും എൻസിപി ശരദ്‌പവാർപക്ഷ സ്ഥാനാർഥിയുമായ യുഗേന്ദ്ര പവാറിനെയാണ്‌ അജിത്‌ പവാർ നേരിടുന്നത്‌.

ആദിത്യനാഥിനെയും തള്ളി

യുപി മുഖ്യമന്ത്രിയും തീവ്രഹിന്ദുത്വ പ്രചാരകനുമായ ആദിത്യനാഥിന്റെ വിദ്വേഷ പരാമർശം തള്ളി അജിത്‌ പവാർ. മതസൗഹാർദ്ദം പുലർത്തുന്ന നാടാണ്‌ മഹാരാഷ്‌ട്രയെന്നും ഇവിടെ മറ്റുള്ള സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയം വേണ്ടെന്നും അജിത്‌ പറഞ്ഞു. പുറത്തുനിന്നുള്ളവരുടെ പ്രസ്‌താവനകൾ മഹാരാഷ്‌ട്രക്കാർ തള്ളിക്കളയും. എല്ലാവരെയും ഒരുമിച്ച്‌ നിർത്തുന്നതാണ്‌ മഹാരാഷ്‌ട്രയുടെ പാരമ്പര്യം– -ആദിത്യനാഥിനെ ഉന്നംവെച്ച്‌ അജിത്‌ പറഞ്ഞു. വാഷിം ജില്ലയിലാണ്‌ ആദിത്യനാഥ്‌ വിദ്വേഷ പരാമർശം നടത്തിയത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top