23 December Monday

ന്യൂനപക്ഷങ്ങളുടെ അവകാശത്തിൽ വെള്ളം ചേർക്കാൻ കഴിയില്ല

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

ന്യൂഡൽഹി
വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനും നിയന്ത്രിക്കാനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളിൽ വെള്ളംചേർക്കാനാകില്ലെന്ന്‌ സുപ്രീംകോടതി ഭരണഘടനാബെഞ്ച്‌ അലിഗഢ്‌ സർവകലാശാല വിഷയത്തിലെ ഭൂരിപക്ഷ വിധിയിൽ നിരീക്ഷിച്ചു. ന്യൂനപക്ഷങ്ങൾക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയന്ത്രിക്കാനുള്ള അവകാശം വാഗ്‌ദാനം ചെയ്യുന്ന ഭരണഘടനയുടെ 30–-ാം അനുച്ഛേദത്തിന്റെ ആനുകൂല്യങ്ങൾ ഭരണഘടന പ്രാബല്യത്തിൽ വന്നശേഷം സ്ഥാപിതമായ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക്‌ മാത്രം അനുവദിച്ചാൽ മതിയെന്ന വാദം തള്ളി. മതപരമോ ഭാഷപരമോ ആയ ന്യൂനപക്ഷങ്ങൾ തുടങ്ങുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളെ ന്യൂനപക്ഷ വിദ്യഭ്യാസസ്ഥാപനങ്ങളായി കണക്കാക്കാമെന്നാണ്‌ ഭരണഘടനയിലെ 30–-ാം അനുച്ഛേദം.

ന്യൂനപക്ഷ വിഭാഗങ്ങൾക്ക്‌ നേരിട്ടോ അവർ തെരഞ്ഞെടുത്ത ബോർഡുകൾ മുഖേനയോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താമെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കി. ന്യൂനപക്ഷ വിഭാഗക്കാർക്ക്‌ തന്നെ സ്ഥാപനത്തിന്റെ നിയന്ത്രണം കൈമാറണമെന്ന ഉപാധി അടിച്ചേൽപ്പിക്കാൻ കഴിയില്ല. ആർക്കാണോ സ്ഥാപനത്തിന്റെ ദൈനംദിന വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്‌തിയുള്ളത്‌ അവരെ ആ ചുമതല ഏൽപ്പിക്കാം–- ഭരണഘടനാബെഞ്ച്‌ വിധിയിൽ ചൂണ്ടിക്കാട്ടി. അതേസമയം, അലിഗഢ്‌ സർവകലാശാലയ്‌ക്ക്‌ ന്യൂനപക്ഷ പദവിക്ക്‌ അർഹതയുണ്ടെന്ന അവകാശത്തിന്‌ ചരിത്രപരവും നിയപരവും വസ്‌തുതാപരവുമായ അടിത്തറയില്ലെന്ന്‌ ജസ്‌റ്റിസ്‌ ദീപാങ്കർദത്ത ഭിന്നവിധിയിൽ പറഞ്ഞു. അലിഗഢ്‌ സർവകലാശാല ഏതെങ്കിലും മതസമുദായം സ്ഥാപിച്ചതല്ല. ഭരണകാര്യങ്ങൾ നിർവഹിക്കുന്നതും ന്യൂനപക്ഷമെന്ന്‌ വിശേഷിപ്പിക്കാവുന്ന സമുദായമല്ല–- ജസ്‌റ്റിസ്‌ ദീപാങ്കർദത്ത ഭിന്നവിധിയിൽ നിരീക്ഷിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിൽ മാത്രം കേന്ദ്രീകരിച്ചാകണം അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനമെന്ന്‌ ജസ്‌റ്റിസ്‌ സതീഷ്‌ചന്ദ്രശർമയും ഭിന്നവിധിയിൽ പറഞ്ഞു.

കേസിന്റെ ചരിത്രം

1920ൽ ബ്രിട്ടീഷുകാർ പാസാക്കിയ അലിഗഢ്‌ മുസ്ലിം സർവകലാശാല നിയമം വഴിയാണ്‌ അലിഗഢ്‌ സർവകലാശാല സ്ഥാപിതമായത്‌. 1951ലും 1965ലും ഈ നിയമം ഭേദഗതി ചെയ്‌തിനെ ചോദ്യംചെയ്‌തുള്ള ഹർജികൾ സുപ്രീംകോടതിയിലെത്തി. 1967ൽ എസ്‌ അസീസ്‌ ബാഷാ കേസിൽ നിയമഭേദഗതികൾ സുപ്രീംകോടതി ശരിവെച്ചു. എന്നാൽ, അലിഗഢ്‌ സർവകലാശാലയ്‌ക്ക്‌ ന്യൂനപക്ഷ പദവി അവകാശപ്പെടാൻ കഴിയില്ലെന്നും അഞ്ചംഗ ഭരണഘടനാബെഞ്ച്‌ വിധിച്ചു. 1981ൽ അഞ്‌ജുമാൻ ഇ റഹ്മാനിയ കേസിൽ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ച്‌ അസീസ്‌ബാഷാ കേസിലെ വിധിയിലെ ചില നിയമപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി. അസാധാരണമായ രീതിയിൽ അഞ്ചംഗബെഞ്ചിന്റെ വിധി രണ്ടംഗബെഞ്ച്‌ ഏഴംഗബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടു.

അലിഗഢ്‌ സർവകലാശാലയിലെ മെഡിക്കൽ പിജി കോഴ്‌സിലെ 50 ശതമാനം സീറ്റുകൾ മുസ്ലിം വിഭാഗത്തിന്‌ സംവരണം ചെയ്യാനുള്ള നയം അലഹബാദ്‌ ഹൈക്കോടതിയിലെത്തി. സിംഗിൾബെഞ്ച്‌ 2005ൽ അലിഗഢ്‌ സർവകലാശാലയ്‌ക്ക്‌ ന്യൂനപക്ഷ പദവി ഇല്ലെന്നും ഭരണഘടനയുടെ 30–-ാം അനുച്ഛേദം അനുസരിച്ചുള്ള പരിരക്ഷ ഇല്ലെന്നും ഉത്തരവിട്ടു. 2006ൽ ഡിവിഷൻ ബെഞ്ച്‌ സലിംഗിൾബെഞ്ച്‌ വിധി ശരിവെച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top