22 December Sunday

ജാമ്യാപേക്ഷകളിൽ എങ്ങുംതൊടാത്ത നിലപാട്‌ ; കീഴ്‌ക്കോടതികൾക്ക്‌ സുപ്രീംകോടതിയുടെ വിമർശം

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024


ന്യൂഡൽഹി
ജാമ്യാപേക്ഷകളിൽ വിചാരണക്കോടതികളും ഹൈക്കോടതികളും എങ്ങുംതൊടാത്ത നിലപാടാണ്‌ സ്വീകരിക്കുന്നതെന്ന്‌ സിസോദിയക്ക്‌ ജാമ്യം അനുവദിച്ച ഉത്തരവിൽ സുപ്രീംകോടതി. ശിക്ഷാവിധിയെന്ന മട്ടിൽ ജാമ്യം നിഷേധിക്കരുതെന്ന നിയമതത്വം വിചാരണക്കോടതികളും ഹൈക്കോടതികളും മറന്ന മട്ടാണെന്ന്‌ ജസ്‌റ്റിസ്‌ ബി ആർ ഗവായ്‌ അധ്യക്ഷനായ ബെഞ്ച്‌ വിമർശിച്ചു. അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ ജാമ്യം നിഷേധിക്കാൻ പാടുള്ളു. എന്നാൽ, ലളിതവും എളുപ്പത്തിൽ തീർപ്പ്‌ കൽപ്പിക്കാവുന്നതുമായ കേസുകളിൽപോലും ജാമ്യം നിഷേധിക്കുന്നത്‌ ഇപ്പോൾ കോടതികൾ പതിവാക്കി–- സുപ്രീംകോടതി നിരീക്ഷിച്ചു.

വിചാരണ 
അടുത്തെങ്ങും 
തീരില്ല
സിസോദിയക്കെതിരായ സിബിഐയുടെയും ഇഡിയുടെയും കേസുകളിൽ 493 സാക്ഷികളുണ്ട്‌. 69,000 പേജുള്ള രേഖകളും ലക്ഷകണക്കിന്‌ പേജുള്ള ഡിജിറ്റൽ തെളിവുമുണ്ട്‌. അടുത്തകാലത്തൊന്നും വിചാരണ പൂർത്തിയാക്കാൻ സാധ്യതയില്ല. വിചാരണയുടെ പേരിൽ ഒരാളെ ദീർഘകാലം തടവിലിടുന്നത്‌ 21 –-ാം അനുച്ഛേദം വാഗ്‌ദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാകും. മനീഷ്‌ സിസോദിയ സമൂഹത്തിൽ ആഴത്തിൽ വേരുകളുള്ള വ്യക്തിയാണ്‌. അദ്ദേഹം വിചാരണ അഭിമുഖീകരിക്കാതെ രാജ്യം വിടാനുള്ള സാധ്യതയില്ല–-സുപ്രീംകോടതി വ്യക്തമാക്കി.

കെജ്‌രിവാളിനും ശുഭപ്രതീക്ഷ
ഡൽഹി മദ്യനയക്കേസിൽ സഞ്‌ജയ്‌ സിങ്ങിന്‌ പിന്നാലെ മനീഷ്‌ സിസോദിയക്കും സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാളിനും മോചനം ലഭിക്കുമെന്ന്‌ പ്രതീക്ഷ.  ഇഡി കേസിൽ കെജ്‌രിവാളിന്‌ സുപ്രീംകോടതി ജൂലൈ 12ന്‌ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സിബിഐ കേസിൽകൂടി ജാമ്യം കിട്ടിയാലെ ജയിൽമോചിതനാകൂ. സിബിഐ അറസ്‌റ്റ്‌ ചോദ്യംചെയ്‌തുള്ള ഹർജി ഡൽഹി ഹൈക്കോടതി തിങ്കളാഴ്‌ച്ച തള്ളി. അറസ്‌റ്റ്‌ ശരിവെച്ച ഹൈക്കോടതി നടപടിക്കെതിരെ കെജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചേക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top