22 December Sunday

ജമ്മു കശ്‌മീരിൽ "അധികാരമില്ലാ സര്‍ക്കാര്‍' ; പൊലീസ്‌, ക്രമസമാധാനം 
തുടങ്ങിയ കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുക 
ലെഫ്‌. ഗവർണര്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024


ന്യൂഡൽഹി
കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ ഇടപെടലുകളാല്‍ പ്രധാന അധികാരമെല്ലാം നഷ്ടപ്പെട്ട ദുർബല സർക്കാരാണ് ജമ്മു കശ്‌മീരിൽ നിലവിൽ വരുന്നത്‌. 370–-ാം വകുപ്പ്‌ റദ്ദാക്കി ജമ്മു കശ്‌മീരിന് പ്രത്യേക പദവി ഇല്ലാതാക്കി രണ്ട്‌ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച കേന്ദ്രസർക്കാർ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടത്താൻ നിർബന്ധിതരായത്‌. എന്നാൽ, കേന്ദ്രം നിയമിക്കുന്ന ലെഫ്‌റ്റനന്റ്‌ ഗവർണറിൽ സുപ്രധാന അധികാരങ്ങൾ കേന്ദ്രീകരിക്കുന്ന നിർണായക വിജ്ഞാപനം തെരഞ്ഞെടുപ്പിനുമുമ്പ്‌ ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചു. ‘പൊലീസ്‌, ക്രമസമാധാനം, അഖിലേന്ത്യാ സർവീസ്‌, അഴിമതി വിരുദ്ധവിഭാഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ശുപാർശകളെല്ലാം ലെഫ്‌. ഗവർണറുടെ വിവേചനാധികാരത്തിന്‌ വിധേയമായിരിക്കും’–- എന്നാണ്‌ ജൂലൈയിലെ വിജ്ഞാപനത്തിലുള്ളത്. ഫലത്തിൽ, ജമ്മു കശ്‌മീരിന്റെ ഭരണസംവിധാനം പൂർണമായും കേന്ദ്ര നിയന്ത്രണത്തിലായി. ഇതോടൊപ്പം, ലെഫ്‌. ഗവർണർക്ക്‌ നിയമസഭയിലേക്ക്‌ അഞ്ച്‌ അംഗങ്ങളെ നാമനിർദേശം ചെയ്യാനുമാകും.

സർക്കാരിനെ പരമാവധി പ്രതിസന്ധിയിലാക്കാനുള്ള ശ്രമങ്ങളാകും ലെഫ്‌. ഗവർണർ മനോജ്‌ സിൻഹയിൽനിന്ന്‌ ഉണ്ടാവുക.തെരഞ്ഞെടുപ്പിന്‌ ശേഷം എത്രയും വേഗം ജമ്മുകശ്‌മീരിന്‌ സംസ്ഥാനപദവി തിരിച്ചുകൊടുക്കണമെന്നും കേന്ദ്രസർക്കാരിനോട്‌ സുപ്രീംകോടതി ഡിസംബറിൽ ശുപാർശ ചെയ്‌തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top