22 December Sunday

കൊടും വർഗീയത പറഞ്ഞ്‌ ബിജെപി ; കണ്ണടച്ച്‌ 
തെരഞ്ഞെടുപ്പ്‌ 
കമീഷൻ

എം പ്രശാന്ത്‌Updated: Monday Nov 11, 2024


ന്യൂഡൽഹി
ജാർഖണ്ഡിൽ തോൽവി ഭയക്കുന്ന ബിജെപി പെരുമാറ്റച്ചട്ടവും ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളും ലംഘിച്ച്‌ തീവ്രവർഗീയ പ്രചാരണം നടത്തിയിട്ടും അനങ്ങാതെ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ. ജാർഖണ്ഡിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ചുമതലക്കാരനായ അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ, ആഭ്യന്തര മന്ത്രി അമിത്‌ ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ തുടങ്ങിയവരാണ്‌ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ ശത്രുക്കളായി പ്രഖ്യാപിച്ച്‌ വിദ്വേഷ പ്രസംഗങ്ങൾ തുടരുന്നത്‌. സമൂഹമാധ്യമങ്ങളിലൂടെയും കടുത്ത പ്രചാരണം നടത്തുന്നു. ഫെയ്‌സ്‌ബുക്ക്‌, ഇൻസ്‌റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ ഉടമകളായ ബഹുരാഷ്ട്രകുത്തക മെറ്റയും നടപടിയെടുക്കുന്നില്ല.

ബംഗ്ലാദേശുകാർ വ്യാപകമായി നുഴഞ്ഞുകയറുന്നെന്നും ജെഎംഎം സർക്കാർ ഇവരെ സംരക്ഷിക്കുകയാണെന്നും ബിജെപി പ്രചരിപ്പിക്കുന്നു. നുഴഞ്ഞുകയറ്റക്കാർ ആദിവാസി പെൺകുട്ടികളെ വശീകരിച്ച്‌ വിവാഹം കഴിച്ച്‌ സ്വത്തുക്കൾ തട്ടുന്നെന്നുമാണ്‌ ആരോപണം. ജാർഖണ്ഡിൽ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിങ്ങളെയെല്ലാം ബംഗ്ലാദേശുകാരായി ചിത്രീകരിക്കുകയാണ്‌ ബിജെപി. അതിർത്തി കാക്കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണ്‌. മാത്രമല്ല, ജാർഖണ്ഡ്‌ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നില്ല.  ഈ സാഹചര്യത്തിൽ ജാർഖണ്ഡിലേക്ക്‌ ബംഗ്ലാദേശുകാർ എത്തുന്നുണ്ടെങ്കിൽ സംസ്ഥാന സർക്കാർ എങ്ങനെ ഉത്തരവാദികളാകുമെന്ന്‌ ജെഎംഎം ചോദിക്കുന്നു.

ജനപ്രാതിനിധ്യ നിയമത്തിന്റെ 123(3), (3എ) വകുപ്പുകൾ പ്രകാരം മതാടിസ്ഥാനത്തിലുള്ള പ്രചാരണവും വിദ്വേഷപ്രചാരണവും തെരഞ്ഞെടുപ്പ്‌ അഴിമതിയാണ്‌. ആറുവർഷം തടവും തെരഞ്ഞെടുപ്പ്‌ വിലക്കും നേരിടേണ്ടിവരും. തെരഞ്ഞെടുപ്പ്‌ കമീഷന്റെ പെരുമാറ്റചട്ടവും ഇതുവിലക്കുന്നു. വിദ്വേഷപ്രചാരണം നടക്കുന്നതായി ബോധ്യപ്പെട്ടാൽ പ്രചാരണ വിലക്കടക്കം കമീഷന്‌ നിർദേശിക്കാം. ജാർഖണ്ഡിലെ ബിജെപി നേതാക്കളുടെ വർഗീയപ്രചാരണം തടയണമെന്ന്‌ സിപിഐ എം അടക്കമുള്ള പാർടികൾ ആവശ്യപ്പെട്ടിട്ടും കമീഷൻ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top