ന്യൂഡൽഹി
പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമഭേദഗതിയുടെ ഭരണഘടനാസാധുത സുപ്രീംകോടതി ശരിവച്ചു. നിയമത്തിലെ വ്യവസ്ഥകളിൽ വെള്ളംചേർത്ത 2018 മാർച്ച് 20ലെ സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ പാർലമെന്റ് പാസാക്കിയ നിയമഭേദഗതിയാണ് ജസ്‌റ്റിസ് അരുൺമിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ച് ശരിവച്ചത്.
ഭേദഗതിയിലൂടെ നിയമത്തിൽ 18എ വകുപ്പ് ഉൾപ്പെടുത്തിയതാണ് ശരിവച്ചത്. അസാധാരണ സാഹചര്യങ്ങളിൽ നിയമം ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് ഉത്തമബോധ്യമുള്ളപ്പോൾ കേസ് റദ്ദാക്കാനുള്ള അധികാരം കോടതികൾക്കുണ്ട്. ഈ അധികാരം നിലവിലുള്ളപ്പോൾ നിയമത്തിലെ വ്യവസ്ഥകളിൽ വെള്ളംചേർക്കേണ്ട കാര്യമില്ലെന്നും മൂന്നംഗബെഞ്ച് വിലയിരുത്തി.
നിയമം കർശനമായി നടപ്പാക്കിയില്ലെങ്കിൽ ഇന്ത്യയിൽ ജാതിരഹിതസമൂഹമെന്ന സ്വപ്‌നം ഒരിക്കലും യാഥാർഥ്യമാകില്ലെന്ന് മൂന്നംഗബെഞ്ചിൽ അംഗമായ ജസ്‌റ്റിസ് രവീന്ദ്രഭട്ട് വിധിന്യായത്തിൽ പറഞ്ഞു. സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ ഫയൽ ചെയ്‌ത പുനഃപരിശോധനാഹർജിയിൽ 2018ലെ ഉത്തരവിലെ വിവാദമായ വ്യവസ്ഥകൾ മൂന്നംഗബെഞ്ച് നേരത്തെ പിൻവലിച്ചിരുന്നു.
പട്ടികജാതി, പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം കേസ് രജിസ്‌റ്റർ ചെയ്യുന്നതിനുമുമ്പ് പ്രാഥമികാന്വേഷണം നടത്തണം, പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും എതിരെ അതിക്രമം നടത്തിയ കേസുകളിലും മുൻകൂർ ജാമ്യം അനുവദിക്കണം, കേസിൽ പ്രതിയായ സർക്കാർ ഉദ്യോഗസ്ഥനെ അറസ്‌റ്റ് ചെയ്യുന്നതിന് മേലുദ്യോഗസ്ഥന്റെ അനുമതി തേടണം, സാധാരണക്കാർ പ്രതികളായ കേസുകളിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതി തേടണം തുടങ്ങിയ വിവാദവ്യവസ്ഥകളാണ് ജസ്‌റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച് 2019 ഒക്ടോബറിൽ പിൻവലിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..