ന്യൂഡൽഹി
ഓഹരി വിപണിയിലെ പരമോന്നത നിയന്ത്രണ ഏജൻസിയായ സെബിയുടെ മേധാവി തന്നെ അദാനിയുടെ നിഴൽ കമ്പനികളിൽ നിക്ഷേപം നടത്തിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങളിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ കൂട്ടായ്മ. കോൺഗ്രസ്, സിപിഐ എം, സിപിഐ, ആർജെഡി, എഎപി, എസ്‌പി, ശിവസേന ഉദ്ധവ് വിഭാഗം തുടങ്ങി പ്രധാന പ്രതിപക്ഷ പാർടികളെല്ലാം ശക്തമായ അന്വേഷണം ആവശ്യപ്പെട്ടു. സെബിയുടെ വിശ്വാസ്യത തകർന്നുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. നടന്നത് മെഗാ അഴിമതിയാണ്. മോദി മറുപടി പറയണം.
ജെപിസി രൂപീകരിച്ച് അന്വേഷണം നടത്തണം. സെബി മേധാവി സ്ഥാനത്തുനിന്ന് മാധബി ബുച്ചിനെ നീക്കണം. വിനോദ് അദാനി നിയന്ത്രിക്കുന്ന ഐപിഇ പ്ലസ് 1 ഫണ്ടിൽ നിക്ഷേപം നടത്തിയോ എന്ന് അവർ വ്യക്തമാക്കണം. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ ബാധിക്കുന്ന വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കണം–-കോൺഗ്രസ് ആവശ്യപ്പെട്ടു. നിക്ഷേപകരുടെ പണം നഷട്‌പ്പെട്ടാൽ ആര് ഉത്തരവാദിത്തം ഏൽക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീഡിയോ സന്ദേശത്തിൽ ചോദിച്ചു.
ജെപിസി അന്വേഷണം ആവശ്യപ്പെട്ട സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെബി മേധാവി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. ഹിൻഡൻബർഗ് റിപ്പോർട്ട് ബിജെപിയെ തുറന്നുകാട്ടിയെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. രാജ്യത്തെ കൊള്ളയടിക്കാൻ കുത്തകകൾക്ക് മോദി സഹായം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദാനിയും സെബിയും തമ്മിലുള്ള കൂട്ടുകെട്ട് റിപ്പോർട്ടിൽ വ്യക്തമാകുന്നുവെന്ന് എഎപി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവയ്‌ക്കണമെന്നും എഎപി ആവശ്യപ്പെട്ടു. മോദിയുടേത് അഴിമതി സർക്കാരാണെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
വ്യക്തിഹത്യയെന്ന് സെബി മേധാവി, അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്
ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾ നിഷേധിച്ച് സെബി മേധാവി മാധബി പുരി ബുച്ചും ഭർത്താവ് ധവൽ ബുച്ചും. സെബിയുടെ വിശ്വാസ്യത തകർക്കാൻ ലക്ഷ്യമിട്ടുള്ളതും അടിസ്ഥാനരഹിതവുമാണ് ആരോപണങ്ങൾ. നിക്ഷേപങ്ങളുടെ എല്ലാ രേഖകളും സെബിക്ക് നൽകിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കൈമാറാനും മടിയില്ല. സെബി കാരണംകാണിക്കൽ നോട്ടീസ് നൽകിയ ഹിൻഡൻബർഗ് മറുപടിയായി വ്യക്തിഹത്യ നടത്തുന്നത് നിർഭാഗ്യകരമാണെന്ന് -സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു. സിംഗപ്പുർ ആസ്ഥാനമായുള്ള ഐഐഎഫ്എൽ വെൽത്ത് മാനേജ്‌മെന്റിൽ തങ്ങൾ നിക്ഷേപം നടത്തിയിരുന്നു. സെബിയിൽ മുഴുവൻ സമയ അംഗമാകുന്നതിന് രണ്ട് വർഷം മുമ്പാണിതെന്നും പ്രസ്‌താവനയിൽ അറിയിച്ചു.
അദാനി ഗ്രൂപ്പും ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങൾ നിഷേധിച്ചു. ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ സമഗ്രമായ അന്വേഷണം നടത്തി സുപ്രീംകോടതി നേരത്തെ തള്ളിയതാണെന്ന് അദാനി കമ്പനി പ്രസ്‌താവനയിൽ പറഞ്ഞു. റിപ്പോർട്ടിൽ ആരോപിക്കപ്പെടുന്ന വ്യക്തികളുമായി അദാനി ഗ്രൂപ്പിന് വാണിജ്യബന്ധങ്ങളില്ലെന്നും അവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..