ന്യൂഡൽഹി
ഡൽഹി മുഖ്യമന്ത്രി അതിഷിയെ ഔദ്യോഗികവസതിയിൽനിന്ന് ഒഴിപ്പിച്ചതിന് പിന്നാലെ എഎപി- ലെഫ്‌റ്റനന്റ് ഗവർണർ തമ്മിൽ തർക്കം മുറുകുന്നു. ബുധനാഴ്‌ച സിവിൽ ലൈൻസ് ഫ്ലാഗ്‌സ്‌റ്റാഫ് റോഡിലെ ആറാംനമ്പർ വസതിയിൽനിന്ന് അതിഷിയെ ലെഫ്.ഗവർണർ വി കെ സക്‌സേനയുടെ നിർദേശപ്രകാരം ബലം പ്രയോഗിച്ച് ഒഴിപ്പിച്ചെന്നാണ് എഎപിയുടെ ആരോപണം.
മുതിർന്ന ബിജെപി നേതാവിന് ആ വസതി അനുവദിക്കാനായാണ് അനധികൃത ഇടപെടലുകളെന്നും എഎപിയും മുഖ്യമന്ത്രിയുടെ ഓഫീസും ആരോപിച്ചു. എന്നാൽ, അതിഷിക്ക് ഇതേവരെ ആറാം നമ്പർ വസതി ഔദ്യോഗികമായി അനുവദിച്ചിട്ടില്ലെന്ന് ലെഫ്.ഗവർണറുടെ ഓഫീസ് പറയുന്നു. ഔദ്യോഗിക വസതി ഒഴിപ്പിച്ചതിനെ തുടർന്ന് കൽക്കാജിയിലെ സ്വന്തം വീട്ടിൽ സാധനങ്ങൾ നിറച്ച കാർഡ്‌ബോർഡ് പെട്ടികൾക്ക് നടുവിലിരുന്ന് ഫയലുകൾ നോക്കുന്ന അതിഷിയുടെ ചിത്രം എഎപി പുറത്തുവിട്ടു. മാസങ്ങൾക്കുള്ളിൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിഷയം സജീവചർച്ചയാക്കാനാണ് എഎപിയുടെ ശ്രമം.
ജനങ്ങൾ
രംഗത്തിറങ്ങണം:
സിപിഐ എം
ഡൽഹി മുഖ്യമന്ത്രി അതിഷിയെ ഔദ്യോഗിക വസതിയിൽ നിന്നും പുറത്താക്കിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് സിപിഐ എം ഡൽഹി സംസ്ഥാനകമ്മിറ്റി. ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ ജനാധിപത്യവിരുദ്ധമായ രീതിയിൽ അവഹേളിക്കാൻ നിർദേശം നൽകിയോയെന്ന് ലെഫ്.ഗവർണർ ഡൽഹിയിലെ ജനങ്ങളോട് വെളിപ്പെടുത്തണം. കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും ആർഎസ്‌എസിന്റെയും ചട്ടുകമായി അധഃപതിച്ച ഡൽഹിയിലെ ലെഫ്.ഗവർണറുടെ അനധികൃത ഇടപെടലുകൾക്ക് എതിരെ ജനാധിപത്യവിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..