18 September Wednesday

ഒരു കാലം 
 മായുന്നു ; സീതാറാം യെച്ചൂരി വിട പറഞ്ഞു

സാജൻ എവുജിൻUpdated: Friday Sep 13, 2024


ന്യൂഡൽഹി
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിട പറഞ്ഞു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് മെഡിക്കൽ സയൻസസിൽ വ്യാഴം പകൽ 3.05നായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്‌ ആഗസ്‌ത്‌ 19 മുതൽ എയിംസിൽ ചികിത്സയിലായിരുന്നു.  

മാർക്‌സിസ്റ്റ്‌ സൈദ്ധാന്തികനും ഇടതുപക്ഷ, പുരോഗമന, മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ നായകനുമായ സീതാറാം യെച്ചൂരി സിപിഐ എമ്മിന്റെ അഞ്ചാമത്തെ ജനറൽ സെക്രട്ടറി
യാണ്‌. 

വിശാഖപട്ടണത്ത്‌ 2015ൽ നടന്ന 21–-ാം പാർടി കോൺഗ്രസിലാണ്‌ യെച്ചൂരി  ജനറൽ സെക്രട്ടറിയായത്‌. ഹൈദരാബാദ്‌, കണ്ണൂർ പാർടി കോൺഗ്രസുകളിൽ വീണ്ടും ആ പദവിയിൽ.  ജനറൽ സെക്രട്ടറി പദവിയിലിരിക്കെ അന്തരിച്ച ആദ്യ നേതാവാണ്‌.1992ൽ ചെന്നൈയിൽ  14–-ാം പാർടി കോൺഗ്രസിൽ പിബി അംഗമായി. 2005 മുതൽ -2017 വരെ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗം. രാജ്യസഭയിൽ സിപിഐ എം കക്ഷിനേതാവായി.

ജനകീയ വിഷയങ്ങൾ ഉന്നയിച്ചും വർഗീയതയ്‌ക്കും നവഉദാരവൽക്കരണ നയങ്ങൾക്കും എതിരായും പാർലമെന്റിൽ മികച്ച രീതിയിൽ ഇടപെട്ടു. ഗതാഗതം, വിനോദസഞ്ചാരം, സാംസ്‌കാരികം സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ സുപ്രധാന റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന്‌ നേതൃത്വം നൽകി. 1996ലെ ഐക്യമുന്നണി സർക്കാരിന്റെയും 2004ലെ ഒന്നാം യുപിഎ സർക്കാരിന്റെയും രൂപീകരണത്തിൽ നിർണായക പങ്ക്‌ വഹിച്ചു. യുപിഎ–-ഇടതുപക്ഷ ഏകോപനസമിതി അംഗമായി. 2014 മുതൽ ബിജെപി സർക്കാരിനെതിരായ ആശയപ്രചാരണത്തിനും പ്രക്ഷോഭത്തിനും നേതൃത്വം നൽകി. മോദിസർക്കാരിന്റെ അമിതാധികാര വാഴ്‌ചയ്ക്കെതിരെ പ്രതിപക്ഷ ഐക്യനിര  രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക്‌ വഹിച്ചു. ഇതാണ്‌ ഇന്ത്യ കൂട്ടായ്‌മയുടെ രൂപീകരണത്തിലേക്ക്‌ നയിച്ചത്‌.
 കോവിഡ്‌ കാലത്ത്‌ ജനങ്ങളുടെ ആവശ്യങ്ങൾ ഉയർത്തി പ്രചാരണം നയിച്ചു. ജമ്മു കശ്‌മീരിലും മണിപ്പുരിലും അടക്കം സംഘർഷബാധിത മേഖലകൾ സന്ദർശിച്ച്‌ ജനങ്ങൾക്ക്‌ ആശ്വാസമേകി. വിദേശ കമ്യൂണിസ്റ്റ്‌ പാർടികളുമായി സിപിഐ എമ്മിന്റെ ബന്ധം മെച്ചപ്പെടുത്തുന്നതിന്‌ നേതൃത്വം നൽകി.

ജെഎൻയുവിൽ വിദ്യാർഥിയായിരിക്കെ എസ്‌എഫ്‌ഐ വഴിയാണ്‌ പൊതുരംഗത്തുവന്നത്‌.  അഖിലേന്ത്യാ പ്രസിഡന്റ്‌, ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ‘പഠിക്കുക, പോരാടുക' എന്ന മുദ്രാവാക്യം എസ്എഫ്ഐ ഉയർത്തിയത് അക്കാലത്താണ്. 1984ൽ കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവായി. 1985ലെ പന്ത്രണ്ടാം പാർടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റി അംഗമായി. 1988ൽ കേന്ദ്ര സെക്രട്ടറിയറ്റംഗമായി. പി സുന്ദരയ്യ, ഇ എം എസ്, ബി ടി ആർ, ഹർകിഷൻ സിങ്‌ സുർജിത്, ബസവ പുന്നയ്യ, ജ്യോതിബസു തുടങ്ങിയ മുതിർന്ന നേതാക്കൾക്കൊപ്പം പ്രവർത്തിച്ചു.അച്ഛൻ സർവേശ്വര സോമയാജുലു യെച്ചൂരി ഓട്ടോമൊബൈൽ എൻജിനിയറായിരുന്നു. സർക്കാർ ഉ
ദ്യോഗസ്ഥയായിരുന്ന അമ്മ കൽപ്പകം യെച്ചൂരി സാമൂഹ്യപ്രവർത്തനരം​ഗത്ത് സജീവമായിരുന്നു. അവിഭക്ത ആന്ധ്രപ്രദേശ്‌ സ്വദേശികളായ ഇവർ ചെന്നൈയിൽ താമസിക്കുമ്പോഴാണ് 1952 ആഗസ്‌ത്‌ 12ന്‌ യെച്ചൂരി ജനിച്ചത്. സോമയാജുലു ആന്ധ്രപ്രദേശ്‌ ട്രാൻസ്‌പോർട്ട്‌ കോർപറേഷനിൽ ജോലിക്ക്‌ ചേർന്നതിനെ തുടർന്ന്‌ കുടുംബം ഹൈദരാബാദിലേക്ക് മാറി. അച്ഛന്റെ അടിക്കടിയുള്ള സ്ഥലംമാറ്റം കാരണം മുത്തശ്ശിയാണ്‌ യെച്ചൂരിയെ വളർത്തിയത്‌. 1967–1968ൽ കുടുംബം ഡൽഹിയിലേക്ക് മാറി. 11–-ാം ക്ലാസ് പഠനം പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്കൂളിൽ തുടർന്നു. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിലാണ് ബിഎ ഓണേഴ്സ് ചെയ്‌തത്.  അടിയന്തരാവസ്ഥയ്‌ക്കുശേഷം 10 മാസത്തിനുള്ളിൽ മൂന്ന് പ്രാവശ്യം ജെഎൻയു യൂണിയൻ തെരഞ്ഞെടുപ്പ് നടത്തിയപ്പോഴും ചെയർമാനായി ജയിച്ചത് യെച്ചൂരിയാണ്‌.

തെലുഗു, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി, ഉറുദു, തമിഴ്‌ ഭാഷകൾ മികവോടെ കൈകാര്യം ചെയ്‌തിരുന്നു.  മലയാളം കേട്ടാൽ മനസ്സിലാകുമായിരുന്നു. ദേശീയ മാധ്യമങ്ങളിൽ പംക്തികൾ കൈകാര്യം ചെയ്‌തു. സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ വാരിക പീപ്പിൾസ്‌ ഡമോക്രസിയുടെ എഡിറ്ററായും പ്രവർത്തിച്ചു. രചിച്ച പ്രധാന പുസ്‌തകങ്ങൾ: വാട്ട്‌ ഈസ്‌ ദിസ് ഹിന്ദുരാഷ്‌ട്ര, സ്യൂഡോ ഹിന്ദുയിസം എക്‌സ്‌പോസ്‌ഡ്‌, കാസ്‌റ്റ്‌ ആൻഡ്‌ ക്ലാസ്‌ ഇൻ ഇന്ത്യൻ പൊളിറ്റിക്‌സ്‌ ടുഡെ, സോഷ്യലിസം ഇൻ ട്വന്റിഫസ്‌റ്റ്‌ സെഞ്ച്വറി, സോഷ്യലിസം ഇൻ എ ചെയ്‌ഞ്ചിങ്‌ വേൾഡ്‌, സെക്യുലറിസം വേഴ്‌സസ്‌  കമ്യൂണലിസം, ന്യൂ സർജ്‌ ഓഫ്‌ കമ്യൂണലിസം, കൃണ കി രാജനീതി.

പ്രമുഖ മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ സീമ ചിഷ്‌തി ഭാര്യ. ബിബിസി ഡൽഹി, ദി ഇന്ത്യൻ എക്‌സ്‌പ്രസ്‌ എന്നിവയിൽ പ്രവർത്തിച്ച സീമ ചിഷ്‌തി നിലവിൽ ‘ദി വയർ’ എഡിറ്ററാണ്‌. സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ഇന്ദ്രാണി മജുംദാർ ആദ്യഭാര്യയായിരുന്നു. അഖില യെച്ചൂരി (യുകെ എഡിൻബറോ സർവകലാശാല അധ്യാപിക), മാധ്യമപ്രവർത്തകനായിരുന്ന പരേതനായ ആശിഷ്‌ യെച്ചൂരി, ഡാനിഷ്‌ (യുകെ) എന്നിവർ മക്കൾ.  സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യാഴാഴ്ച എയിംസിലെത്തി യെച്ചൂരിയെ സന്ദർശിച്ചിരുന്നു.

പൊതുദർശനം നാളെ
സീതാറാം യെച്ചൂരിയുടെ മൃതദേഹം ശനിയാഴ്‌ച പകൽ 11 മുതൽ മൂന്ന്‌ വരെ സിപിഐ എം ആസ്ഥാനമായ, ഡൽഹി ഗോൾ മാർക്കറ്റിലെ എ കെ ജി ഭവനിൽ പൊതുദർശനത്തിന്‌ വയ്‌ക്കും. തുടർന്ന്‌ മൃതദേഹം വൈദ്യശാസ്‌ത്ര പഠനത്തിനായി ഡൽഹി ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിന്‌ കൈമാറും.  ഇതുസംബന്ധിച്ച്‌ യെച്ചൂരി നേരത്തെ തന്നെ ആഗ്രഹം അറിയിച്ചിരുന്നു. 

ഭാര്യ സീമ ചിഷ്‌തി, മക്കളായ അഖില, ഡാനിഷ്‌, സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, ബൃന്ദ കാരാട്ട്‌ എന്നിവർ സമീപത്തുണ്ടായിരുന്നു. എംബാം  ചെയ്‌ത്‌ എയിംസിൽ സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്‌ച വൈകിട്ട്‌ ആറിന്‌ വസന്ത്‌കുഞ്‌ജിലെ വീട്ടിലേക്ക്‌ കൊണ്ടുപോകും.

സംസ്ഥാനത്ത് 3 ദിവസം ദുഃഖാചരണം
കേരളത്തിലെ പാർടിക്ക് ആശയപരവും സംഘടനാപരവുമായ കരുത്ത് നൽകിയ നേതാവായിരുന്നു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും ജനാധിപത്യ, മതേതര വിശ്വാസികൾക്കും രാജ്യത്തിനാകെയും തീരാവേദനയും നഷ്ടവുമാണ്. വേർപാടിന് മുന്നിൽ സംസ്ഥാന കമ്മിറ്റി അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ആദരസൂചകമായി സംസ്ഥാനത്ത് മൂന്നു ദിവസം ദുഃഖമാചരിക്കും. സമ്മേളനങ്ങളടക്കം എല്ലാ പാർടി പരിപാടികളും മാറ്റിവയ്ക്കും. ശനിയാഴ്ച വൈകിട്ട് നാലിന് ശേഷം ലോക്കൽ അടിസ്ഥാനത്തിൽ അനുശോചനം സംഘടിപ്പിക്കും. ദുഃഖസൂചകമായി ഒരാഴ്ച പാർടി പതാക താഴ്ത്തിക്കെട്ടും.

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ചിത്രത്തിനുമുന്നിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജി ആർ അനിൽ തുടങ്ങിയവർ എ കെ ജി സെന്ററിൽ അന്ത്യാഞ്ജലി അർപ്പിക്കുന്നു

സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ചിത്രത്തിനുമുന്നിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജി ആർ അനിൽ തുടങ്ങിയവർ എ കെ ജി സെന്ററിൽ അന്ത്യാഞ്ജലി അർപ്പിക്കുന്നു

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തിയ നേതാവ്‌: സിപിഐ
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വേർപാടിൽ സിപിഐ ദേശീയ സെക്രട്ടറിയറ്റ്‌  അഗാധമായ ദുഃഖവും വേദനയും രേഖപ്പെടുത്തി. പ്രഗത്ഭനായ നേതാവും എഴുത്തുകാരനും ധൈഷണികനും പാർലമെന്റേറിയനുമായിരുന്ന യെച്ചൂരിയുടെ വിയോഗം ഇടതുപക്ഷ, ജനാധിപത്യ പ്രസ്ഥാനത്തിന്‌ വലിയ നഷ്ടമാണ്‌.  രാജ്യത്തെ ഇടതുപക്ഷ, ജനാധിപത്യ ശക്തികളുടെ ഐക്യം ശക്തിപ്പെടുത്താൻ അദ്ദേഹം പല രീതികളിൽ പ്രയത്‌നിച്ചതായും അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ഇടതുപക്ഷത്തിന്‌ തീരാനഷ്ടം: ബിനോയ് വിശ്വം
യെച്ചൂരിയുടെ വേർപാട് ഇടതുപക്ഷത്തിന്‌ തീവ്രമായ നഷ്ടമാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇന്ത്യൻ രാഷ്ട്രീയവും ഒരുപാട് വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് വിയോഗം. എല്ലാ രാഷ്ട്രീയ കക്ഷികളുമായും ബന്ധം സ്ഥാപിക്കുന്നതിൽ ഇടതുപക്ഷത്തെ നയിച്ച നേതാവിന്റെ നഷ്ടത്തിന്റെ ആഴം വലുതാണെന്നും ബിനോയ്‌ വിശ്വം അനുസ്മരിച്ചു.

ഇന്ത്യൻ രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവ്‌: ടി പി
ഇന്ത്യയിൽ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനും മതേതര രാഷ്‌ട്രീയത്തിനും അപരിഹാര്യമായ നഷ്‌ടമാണ്‌ യെച്ചൂരിയുടെ വിയോഗത്തിലൂടെ ഉണ്ടായതെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ. ദീർഘകാലമായി ഇന്ത്യൻ രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവാണ്‌ യെച്ചൂരി. ഇഎംഎസിന്റെ ശിക്ഷണത്തിൽ ആശയരംഗത്ത്‌ ചരിത്രപരമായ ദൗത്യം നിറവേറ്റാൻ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. സിപിഐ എം കേരള ഘടകത്തേയും സംസ്ഥാന സർക്കാരിനേയും മുന്നോട്ടുനയിക്കുന്നതിൽ നിർണായക പങ്കുവഹിക്കാനും ഇടപെട്ടിട്ടുണ്ട്‌.

തലയെടുപ്പുള്ള നേതാവ്: 
എം കെ സ്‌റ്റാലിൻ  
ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നായകനും ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാക്കളിൽ ഒരാളുമായിരുന്നു സീതാറാം യെച്ചൂരിയെന്ന് തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിദ്യാർഥിനേതാവെന്ന നിലയിൽ അടിയന്തരാവസ്ഥയ്‌ക്ക്‌ എതിരെ നിർഭയം നിലകൊണ്ടു. ആയുഷ്‌കാലം മുഴുവൻ തൊഴിലാളിവർഗത്തിന്റെ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ വ്യക്തിത്വം വരുംതലമുറകളെ പ്രചോദിപ്പിക്കും.

അതീവദുഃഖം: -കമൽഹാസൻ
ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായിരുന്ന സീതാറാംയെച്ചൂരിയുടെ വിയോഗത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു. വിദ്യാർഥി നേതാവിൽ നിന്നും മികച്ച രാഷ്ട്രീയനേതാവിലേക്കുള്ള വളർച്ചയ്‌ക്കിടയിൽ അദ്ദേഹം ദേശീയരാഷ്ട്രീയരംഗത്ത്‌ മായ്‌ച്ചുകളയാനാകാത്ത അടയാളങ്ങൾ സൃഷ്‌ടിച്ചാണ്‌ വിടവാങ്ങുന്നത്.

കെ ജെ തോമസ്‌
ഇന്ത്യൻ രാഷ്‌ട്രീയത്തിലെ തിളക്കമാർന്ന നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന്‌ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ  തോമസ്‌ അനുശോചന സന്ദേശത്തിൽ പറഞ്ഞു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top