21 November Thursday

ജാർഖണ്ഡിലെ ആദിവാസി ജനസംഖ്യ ; ബിജെപി പ്രചാരണം വ്യാജം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024


ന്യൂഡൽഹി
ജാർഖണ്ഡിൽ ആദിവാസി ജനസംഖ്യയിലുണ്ടായ ഏറ്റക്കുറച്ചിലുകൾക്ക്‌ അടിസ്ഥാനം കുറഞ്ഞ ജനനനിരക്കും ഉയർന്ന മരണനിരക്കും മെച്ചപ്പെട്ട വരുമാനം തേടിയുള്ള കുടിയേറ്റവുമാണെന്ന്‌ പഠനറിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം വർധിച്ചതുകൊണ്ടാണ്‌ ആദിവാസി ജനസംഖ്യ കുറഞ്ഞതെന്ന ആക്ഷേപമാണ്‌ വർഗീയ ലക്ഷ്യങ്ങളോടെ ബിജെപി മുന്നോട്ടുവയ്‌ക്കുന്നത്‌. ബ്രിട്ടീഷ്‌ കാലത്ത്‌ ആരംഭിച്ച 1881 മുതലുള്ള സെൻസസ്‌ കണക്കുകൾ പരിശോധിച്ചാൽ പഴയ ബിഹാറിന്റെ ഭാഗമായ ജാർഖണ്ഡിൽ ആദിവാസി ജനസംഖ്യ എന്നും 40 ശതമാനത്തിൽ താഴെയാണ്‌. 1911ലെ കണക്കിൽ ആദിവാസി ജനസംഖ്യ 38.42 ശതമാനമാണ്‌. 1941ൽ ബ്രിട്ടീഷ്‌ ഭരണത്തിലെ അവസാന സെൻസസിൽ ആദിവാസി ജനസംഖ്യ 30.89 ശതമാനം.

1951ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ്‌ പ്രകാരം ജാർഖണ്ഡിലെ ആദിവാസി ജനസംഖ്യ 35.28 ശതമാനമാണ്‌. ബിഹാറിനെ വിഭജിച്ച്‌ ജാർഖണ്ഡ്‌ സംസ്ഥാനം രൂപീകരിച്ചത്‌ 2000ലാണ്‌. വിഭജനത്തിന്‌ മുമ്പുള്ള അവസാന സെൻസസ്‌ 1991ലാണ്‌. അന്ന്‌ 27.66 ശതമാനമാണ്‌ ആദിവാസി ജനസംഖ്യ. 2001ൽ 26.3 ശതമാനവും 2011ൽ 26.21 ശതമാനവുമാണ്‌ ആദിവാസി ജനസംഖ്യ.  2011ലെ സെൻസസ്‌ പ്രകാരം ജാർഖണ്ഡിൽനിന്ന്‌ മറ്റ്‌ സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റം 17.61 ലക്ഷമാണ്‌.

ജനസംഖ്യയുടെ 5.34 ശതമാനമാണിത്‌. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ തൊഴിൽതേടി ജാർഖണ്ഡിലേക്ക്‌ 22.65 ലക്ഷം പേർ എത്തിയിട്ടുണ്ട്‌. ഇവരുടെ എണ്ണം ജനസംഖ്യയുടെ 6.87 ശതമാനം വരും. ജാർഖണ്ഡിൽനിന്ന്‌ പോയവരിൽ 18.66 ശതമാനം പേർ മടങ്ങിവരാറേയില്ലെന്ന്‌ സെൻസസ്‌ കണക്കുകൾ വ്യക്തമാക്കുന്നു. അകത്തേക്കും പുറത്തേക്കുമുള്ള ഇത്തരം കുടിയേറ്റം തന്നെയാണ്‌ ആദിവാസി ജനസംഖ്യയിലെ ഏറ്റക്കുറച്ചിലുകൾക്ക്‌ കാരണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top